| Monday, 26th February 2024, 7:05 pm

ഇലക്ടറൽ ബോണ്ടുകൾ തട്ടിപ്പായിരുന്നു; സുപ്രീം കോടതി വിധി തെരഞ്ഞെടുപ്പിനെ കൂടുതൽ സുതാര്യമാക്കും: അമർത്യ സെൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ഇലക്ടറൽ ബോണ്ട്‌ റദ്ദാക്കിയ സുപ്രീം കോടതി വിധി തെരഞ്ഞെടുപ്പിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ ജേതാവുമായ അമർത്യ സെൻ.

ഇലക്ട്രൽ ബോണ്ടുകൾ തട്ടിപ്പായിരുന്നുവെന്നും ഇപ്പോൾ അത് ഒഴിവാക്കിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും വാർത്താ ഏജൻസിയായ പി.ടി.ഐയോട് സെൻ പറഞ്ഞു.

‘ഇലക്ടറൽ ബോണ്ടുകൾ തട്ടിപ്പായിരുന്നു. ഇപ്പോൾ അത് എടുത്തുകളഞ്ഞതിൽ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ജനങ്ങൾ അന്യോനം നൽകുന്ന പിന്തുണയിൽ ഇപ്പോൾ കൂടുതൽ സുതാര്യത ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ സെൻ പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ രാഷ്ട്രീയ രീതികൾ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും സാധാരണക്കാരന്റെ ശബ്ദം കേൾക്കാൻ ഇപ്പോൾ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുകൾ എങ്ങനെയാണ് പ്രതിപക്ഷ പാർട്ടികളോട് പെരുമാറുന്നത് എന്നതിനെ തെരഞ്ഞെടുപ്പ് സംവിധാനം സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും രാഷ്ട്രീയ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് കൂടുതൽ മുൻ‌തൂക്കം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ടറൽ ബോണ്ടുകൾ  വിവരാവകാശ, ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി എൻ.ഡി.എ സർക്കാർ നടപ്പിലാക്കിയ പദ്ധതി റദ്ദാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഓരോ ഇലക്ടറൽ ബോണ്ട്‌ ഇടപാടും സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച്‌ ആറിന് മുമ്പ് സമർപ്പിക്കുവാൻ പരമോന്നത കോടതി എസ്.ബി.ഐക്ക് നിർദേശം നൽകി.

Content Highlight: Electoral bonds a scandal, move to annul them will lead to greater transparency: Amartya Sen

We use cookies to give you the best possible experience. Learn more