ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവരങ്ങള്‍ അനുസരിച്ച് ഏറ്റവും അധികം ബോണ്ടുകള്‍ പണമാക്കി മാറ്റിയത് ബി.ജെ.പിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കിയവരില്‍ വന്‍കിട കമ്പനികളും ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ അദാനിയുടെയും അംബാനിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടില്ല. ഏറ്റവും അധികം സംഭാവന നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് എന്ന പി.ആര്‍ കമ്പനിയാണ്.
ഇതിനുപുറമെ കൊവിഡ് വാക്‌സിന്‍ നിര്‍മിച്ച സെറം ഇന്‍സ്റ്റിട്യൂട്ട്, എയര്‍ടെല്‍, മുത്തൂറ്റ് ഫിനാന്‍സ്, ഐ.ടി.സി, സണ്‍ഫാര്‍മ, ഇന്‍ഡിഗോ, എം.ആര്‍.എഫ് തുടങ്ങിയ കമ്പനികളും പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.
ബി.ജെ.പി, കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ഡി.പി, ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ആര്‍.എസ്, ശിവസേന. എന്‍.സി.പി, ആംആദ്മി തുടങ്ങിയ പാര്‍ട്ടികളാണ് ബോണ്ടുകള്‍ പണമാക്കി മാറ്റിയത്.
നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 75 ശതമാനം ബോണ്ടുകള്‍ പണമാക്കിയിരിക്കുന്നത് ബി.ജെ.പിയാണ്. എന്നാല്‍ സി.പി.ഐ.എമ്മും സി.പി.ഐയും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടില്ല.
ചൊവ്വാഴ്ചയാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എസ്.ബി.ഐ കൈമാറിയത്. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്മീഷന് എസ്.ബി.ഐ വിവരങ്ങള്‍ കൈമാറിയത്.
അതേസമയം ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Content Highlight: Electoral bond information has been published by the Election Commission