പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ ഇടത് സ്ഥാനാർഥിയായ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് കണ്ടെത്തിയ കളക്ടർ ഇനി സർക്കാർ പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശവും നൽകി.
പന്തളം തെക്കേകരയിലെ പഞ്ചായത്തിൽ നടന്ന കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്ത തോമസ് ഐസക്ക്, കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകാമെന്ന വാഗ്ദാനം നൽകുകയും നിർബന്ധിച്ച് ചില രേഖകളിൽ ഒപ്പിടിച്ചുവെന്നുമുള്ള ആരോപണങ്ങളോടെ യു.ഡി.എഫ് നൽകിയ പരാതിയുടെ പുറത്താണ് കളക്ടറുടെ താക്കീത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടെയായ കളക്ടർ പ്രേം കൃഷ്ണൻ പരാതി പരിശോധിച്ച ശേഷം ഐസക്കിനോട് വിശദീകരണം തേടുകയും ചെയ്തു.
കുടുംബശ്രീയുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും തോമസ് ഐസക്ക് വിശദീകരണം നൽകിയെങ്കിലും പരാതിക്കാർ നൽകിയ വീഡിയോ ദൃശ്യങ്ങളടക്കം പരിഗണിച്ചാണ് കളക്ടറുടെ നടപടി.
തോമസ് ഐസക്ക് കുടുംബശ്രീയുടെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജില്ലാ വരണാധികാരി താക്കീത് നൽകിയത്. സർക്കാർ പരിപാടികളിൽ പങ്കെടുത്ത് പദവി ദുരുപയോഗം ചെയ്യരുതെന്ന് വരണാധികാരി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താക്കീത് നൽകിയതിന് പുറമേ ഇതിന്റെ വിശദമായ റിപ്പോർട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടർ കൈമാറിയിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവരെ പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്നായിരുന്നു യു.ഡി.എഫ് പരാതിയില്‍ പറഞ്ഞത്. യു.ഡി.എഫിന്റെ ആരോപണങ്ങള്‍ എല്‍.ഡി.എഫ് ജില്ലാ നേതൃത്വം നിഷേധിച്ചിരുന്നു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എം.പിയാണ് പരാതി നല്‍കിയത്.
Content Highlight: Elector’s warning to Thomas Isaac For Attending Kudumbasree’s Program