| Friday, 13th September 2024, 1:40 pm

ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്നത് ഐ.എസിന്റെയും പാക്കിസ്ഥാന്റെയും കല്ലേറില്ലാത്ത തെരഞ്ഞെടുപ്പ്: ബി.ജെ.പി ദേശീയവക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രപരമാണെന്നും കശ്മീര്‍ മതേതരമായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിതെന്നും ബി.ജെ.പി ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദി. നാഷണലിസ്റ്റുകളും ആന്റി നാഷണലിസ്റ്റുകളും പ്രതിനിധികളാവുന്ന തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ത്രിവേദി പറഞ്ഞു.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് രണ്ട് കൂട്ടരില്‍ ഒരാളെയായിരിക്കും. അതിലൊന്ന് മരണത്തെയും നാശത്തെയും പ്രോത്സാഹിപ്പിക്കുന്നവരും മറ്റൊന്ന് വികസനവും സമാധാനവും കൊണ്ടുവരുന്നവരുമായിരിക്കും,’ ത്രിവേദി അവകാശപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയുടെ 42ാം ഭരണഘടന ഭേദഗതിക്ക് ശേഷം ജമ്മുകശ്മീരിലെ നിയമസഭ അസംബ്ലിക്ക് ആറ് വര്‍ഷത്തെ കാലാവധി നല്‍കിയെങ്കിലും ഭരണഘടനയില്‍ സെക്കുലര്‍ എന്ന് വ്യക്തമായി ഉള്‍പ്പെടുത്തിയില്ലെന്നും ത്രിവേദി ആരോപിച്ചു.

അന്ന് ജമ്മു കശ്മീരിന് വ്യത്യസ്ത ഭരണഘടനയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കശ്മീരിലെ ജനങ്ങള്‍ക്ക് മറ്റുള്ളവരെ പോലെ ഏകീകൃത ഭരണഘടനയാണെന്നും അതിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്നും ത്രിവേദി പറഞ്ഞു. ജമ്മു കശ്മീര്‍ കാലങ്ങളായി ഭീകരരുടെയും അസമത്വത്തിന്റെയും കീഴിലായിരുന്നുവെന്നാണ് ത്രിവേദി പറയുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

‘ജമ്മു കശ്മീര്‍ മതേതരമായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. അതിനാല്‍ ഒരു പതാകക്ക് കീഴിലുള്ളതും ഐ.എസിന്റെയും പാക്കിസ്ഥാന്റെയും കല്ലേറും ഹര്‍ത്താലുകളും ഇല്ലാത്തതുമായ തെരഞ്ഞെടുപ്പുമായിരിക്കും,’ ത്രിവേദി പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം കശ്മീരില്‍ വീണ്ടും തീവ്രവാദവും വിഘടനവാദവും കൊണ്ടുവരണമെന്നാണെന്നും അതിനാണ് ഇരുവരും തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയതെന്നും ബി.ജെ.പി നേതാവ് പറയുന്നുണ്ട്.

പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാത്ത വിദേശികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ത്രിവേദി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉയര്‍ത്തുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാരാണ് ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചതെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് പ്രധാനകാരണമെന്നും ത്രിവേദി പറഞ്ഞു.

ജമ്മു കശ്മീരില്‍ പത്തുവര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കശ്മീരിലെ എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എന്‍.സി-കോണ്‍ഗ്രസ് സഖ്യമാണ് പ്രധാന എതിരാളിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: elections to be held in Jammu Kashmir without IS and PAKISTHAN: BJP national spokesperson

We use cookies to give you the best possible experience. Learn more