| Saturday, 29th August 2020, 7:27 am

'ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഇനി ഒറ്റ വോട്ടര്‍പ്പട്ടിക'; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയവുമായി ബന്ധപ്പെട്ട് ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്.

വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒരു വോട്ടര്‍ പട്ടികയെന്ന ആശയത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് ആദ്യ വാരം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചിരുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 13ന് ചേര്‍ന്ന യോഗത്തില്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 കെ, 243- z എന്നിവ ഭേദഗതി ചെയ്ത് രാജ്യത്തിനാകെ ഒറ്റ ഇലക്ടറല്‍ റോള്‍ തയ്യാറാക്കുക, സംസ്ഥാന സര്‍ക്കാരുകളോട് സംസ്ഥാന നിയമങ്ങള്‍ ലഘൂകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുക എന്നിവയായിരുന്നു യോഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

നിലവില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി സ്വന്തം വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ അധികാരമുണ്ട്. ഇതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിക്കേണ്ടതില്ല.

രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയാണ് ഉപയോഗിച്ചുവരുന്നത്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം, മധ്യപ്രദേശ്, കേരളം. ഒഡീഷ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സ്വന്തമായി വോട്ടര്‍പ്പട്ടികയുള്ളത്.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാന്‍ കാബിനറ്റ് സെക്രട്ടറിയോട് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പൊതു വോട്ടര്‍പട്ടിക. ലോക് സഭയിലേയ്ക്കും നിയമസഭകളിലേയ്ക്കും ഒറ്റ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുക എന്നതും ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ കാര്യമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS:  common voters list for local self elections says pmo
We use cookies to give you the best possible experience. Learn more