പോര്‍ട്ട് ഒ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരാവസ്ഥ രൂക്ഷമായി തുടരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യം ഒരു തെരഞ്ഞെടുപ്പ് നേരിടാനുള്ള സ്ഥിതിയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഏകദേശം 15000 ഓളം പേരാണ് ജൂണ്‍ ആദ്യവാരം തന്നെ തലസ്ഥാന നഗരം വിട്ടത്. പലരും ജോലിയുപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ അഭയം തേടിയെന്നും മനുഷ്യവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.
‘ഹെയ്തിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദമുണ്ടായിരിക്കുകയാണ്. എന്നാല്‍ തലസ്ഥാനത്തെത്താന്‍ പോലും ജനങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് സമാധാനപൂര്‍ണ്ണമായ ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുക,’ ഹെയ്തിയിലെ സാമൂഹ്യപ്രവര്‍ത്തക വെലീന ചാര്‍ലര്‍ പറഞ്ഞു.
അതിനിടെ പ്രസിഡന്റിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യം കലുഷിതമായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും സഹായമഭ്യര്‍ത്ഥിച്ച് ഹെയ്തി ഇടക്കാല സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സമാധാന നില പുനസ്ഥാപിക്കാന്‍ മതിയായ സൈന്യത്തെ നല്‍കാന്‍ അമേരിക്കയോടും ഐക്യരാഷ്ട്ര സംഘടനയോടും ആവശ്യപ്പെട്ടതായി ഹെയ്തി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം ജോവനല്‍ മോസിനെ കൊലപ്പെടുത്തിയത് 28 പേരടങ്ങിയ അക്രമികളുടെ സംഘമാണെന്ന് ഹെയ്തി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അമേരിക്കന്‍ പൗരന്മാരും കൊളംബിയന്‍ പൗരന്മാരുമാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
ജൂലൈ ഏഴിനാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2017 ഫെബ്രുവരിയില്‍ മിഷേല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 53 വയസ്സുകാരനായ ജോവനില്‍ മോസ് പ്രസിഡന്റായി എത്തുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഹെയ്തിയിലെ രാഷ്ടീയ സാഹചര്യങ്ങള്‍ പ്രസിഡന്റിന് എതിരായിരുന്നു.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷ്യക്ഷാമം ഇവിടെ രൂക്ഷമാണ്. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് ജോവനല്‍ മോസിനെതിരെ നടന്നിരുന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.
ജോവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ തനിക്ക് ഇനിയും ഒരു വര്‍ഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു ജോവനല്‍ വാദിച്ചിരുന്നത്.
പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ശാന്തരായിരിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കൂടി കണക്കിലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.