| Saturday, 27th April 2019, 9:30 pm

വോട്ടെടുപ്പിനിടെ ക്രമക്കേട്; ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭൂവനേശ്വര്‍: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശ ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാര്‍. വോട്ടെടുപ്പിനിടെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്  കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിംഗിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 23-ാം തീയതി നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിനിടെയാണ് ക്രമക്കേട് നടന്നത്. ബ്രഹ്മഗിരി, ബാരാംബ, ദിയോഖണ്ഡ്, സത്യാബാദി, താല്‍ച്ചര്‍, അത്താഖണ്ഡ്, ഭുവനേശ്വര്‍, ഘസിപുര എന്നി നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

അതേസമയം പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് റീപോളിംഗ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഏപ്രില്‍ 29ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നടക്കുമ്പോള്‍ അതിനൊപ്പമായിരിക്കും റായ്ഗഞ്ചിലും റീപോളിംഗ് നടക്കുക.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ദോലോഗച്ച്, പടഗോറ ബാലിക വിദ്യാലയ, ലോഹാ ഗച്ചി ബാസിപാടാ എന്നീ ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക. ഏപ്രില്‍ 18നാണ് റായ്ഗഞ്ചില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, പോളിംഗിനിടെ ഹിന്ദുക്കളെ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ അനുവദിച്ചില്ലെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോഹാ ഗച്ചി ബാസിപാടാ ബൂത്തിലാണ് അങ്ങനെ ഒരു ആരോപണം ഉയര്‍ന്നത്. കൂടാതെ കള്ളവോട്ടും വ്യാപകമായി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. വോട്ട് ചെയ്യാത്ത തങ്ങളുടെ പേരില്‍ ആരോ വോട്ട് ചെയ്തതായി രണ്ട് പേര്‍ പോളിംഗ് ഓഫീസര്‍ക്ക് പരാതിയും നല്‍കി.

ഇതോടെ ബി.ജെ.പിയും സി.പി.ഐ.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വീഡിയോ അടക്കം പരിശോധിച്ച ശേഷമാണ് റീ പോളിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more