പാറ്റ്‌ന: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബിഹാറിലെ ബെഗുസരായില്‍ നിന്നു തന്നെ മത്സരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഗിരിരാജ് സിംഗുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ബെഗുസരായില്‍ മത്സരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബെഗുസാരായില്‍ മത്സരിക്കാനില്ലെന്ന ഗിരിരാജ് സിംഗിന്റെ പ്രഖ്യാപിനത്തിന് പിന്നാലെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നവാദ സീറ്റ് മാറ്റി തനിക്ക് ബെഗുസാരായ് തരണം എന്ന് ഒരിക്കലും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രവര്‍ത്തനങ്ങളെ നവാദയിലെ ജനങ്ങള്‍ ചോദ്യം ചെയ്താല്‍ മാത്രമേ മണ്ഡലം മാറുന്ന കാര്യം ആലോചിക്കൂവെന്നും ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു.
Read Also : നടി ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; പോരാട്ടം ബി.ജെ.പിക്കെതിരെയെന്നും താരം
ബിഹാറില്‍ സിറ്റിംഗ് എംപിമാര്‍ക്ക് എല്ലാം അവരവരുടെ സീറ്റ് നല്‍കിയിട്ടും തന്നെ തള്ളിയതിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതിഷേധം. അഞ്ച് മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ഗിരിരാജ് സിംഗ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും വഴങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ബെഗുസാരായിലെ സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനവുമായി ഷാ രംഗത്തെത്തിയത്. നിലവില്‍ നവാദ സീറ്റ് സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ്.
അതേസമയം ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് ആര്‍.ജെ.ഡി തീരുമാനിച്ചിരിക്കുന്നത്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഈ മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ മൗലികവാദത്തിനെതിരാണ് തന്റെ പോരാട്ടമെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാനത്തിന് പിന്നാലെ കനയ്യ കുമാര്‍ പ്രതികരിച്ചത്. അതിന് പിന്നാലെയായിരുന്നു മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം ഗിരിരാജ് സിംഗ് നടത്തിയത്.
ബെഗുസാരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍.ജെ.ഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇടതുപാര്‍ട്ടികളായ സി.പി.എമ്മിനും സി.പി.ഐയ്ക്കും ആര്‍.ജെ.ഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി കനയ്യയെ സി.പി.ഐ പ്രഖ്യാപിച്ചത്.
സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.