ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് സി.പി.ഐ.എം-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ലിറ്റ്മസ് ടെസ്റ്റാവും. അഞ്ച് സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ്.
നിലവിലെ നിയമസഭാ സീറ്റുകളുടെ വിതരണമനുസരിച്ച് തൃണമൂലിന് ഉറപ്പായും നാല് സീറ്റുകള്‍ ലഭിക്കും. അതുകൊണ്ട്തന്നെ അഞ്ചാമത്തെ സീറ്റിനുവേണ്ടിയാവും സി.പി.ഐ.എം-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും തൃണമൂല്‍-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മത്സരിക്കേണ്ടിവരിക.
എട്ട് എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പി തെരഞ്ഞെടുപ്പ് ചിത്രത്തിലെവിടെയുമില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും തൃണമൂലിനും ബി.ജെ.പിക്കും എതിരെ സംയുക്തമായാണ് മത്സരിച്ചത്.
‘അഞ്ചാം സീറ്റ് ആര് നേടും എന്നതാണ് ഉയരുന്ന ചോദ്യം. തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയോ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയോ ആവും അത് നേടുക. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. എന്തൊക്കെയായാലും സി.പി.ഐ.എമ്മില്‍നിന്ന് ഒരാളെയെങ്കിലും രാജ്യസഭയിലേക്ക് അയക്കാനുള്ള ലക്ഷ്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളത്രയും’, മുതിര്‍ന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ പറഞ്ഞു.
പ്രദീപ് ഭട്ടാചാര്യയും അഭിഷേക് മനു സിംഗ്‌വിയും മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് തൃണമൂലിന്റെ പിന്തുണ തേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെത്തന്നെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒരുമിച്ച് മത്സരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
‘ഇടതിനോടൊപ്പമാണോ തൃണമൂലിനൊപ്പമാണോ നില്‍ക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തശേഷമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്കുള്ളു. അവസാന തീരുമാനമെടുക്കുക ഹൈക്കമാന്‍ഡാണ്’, സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
അഞ്ചാം സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരീയെ രാജ്യസഭയിലേക്ക് അയക്കണം എന്ന ആഗ്രഹം സി.പി.ഐ.എമ്മിനുണ്ട് എന്നാണ് പശ്ചിമബംഗാള്‍ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2005ലും 2017ലും യെച്ചൂരി രാജ്യസഭാംഗമായിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നത്.
യെച്ചൂരിയെ ബംഗാളില്‍നിന്നും രാജ്യസഭയിലേക്ക് അയക്കുന്നല്‍ 2017ല്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പിന്തുണച്ചിരുന്നു.
എന്നാല്‍, ഒരാളെത്തന്നെ മൂന്നുതവണ രാജ്യസഭയിലേക്കയക്കുന്നതില്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടില്ല. അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായേക്കും.
യെച്ചൂരി സ്ഥാനാര്‍ത്ഥിയാവുന്നതില്‍ തങ്ങള്‍ക്ക് എതിരഭിപ്രായങ്ങളില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം സീതാറാം യെച്ചൂരി രാജ്യസഭയിലെത്തുന്നത് ഗുണം ചെയ്‌തേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജോഗന്‍ ചൗഘരിയും മനിഷ് ഗുപ്തയും അഹമ്മദ് ഹസനും കെ.ഡി സിങുമാണ് മറ്റ് നാല് സീറ്റുകളും ഉറപ്പാക്കുന്നത്.
അഞ്ചാമത്തെ സീറ്റില്‍ സി.പി.ഐ.എമ്മിന്റെ ബന്ദോപാധ്യയായിരുന്നു 2014ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇദ്ദേഹം 2017ല്‍ പാര്‍ട്ടിയില്‍നിന്നും പുറത്തായി. തുടര്‍ന്ന് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ സി.പി.ഐ.എം പ്രതിനിധികളാരും പശ്ചിമബംഗാളില്‍നിന്നും ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ എത്തിയിരുന്നില്ല. 1964ല്‍ പാര്‍ട്ടി രൂപീകൃതമായതിന് ശേഷം ആദ്യമായായിട്ടായിരുന്നു ഇത്.