| Friday, 23rd February 2018, 11:17 pm

കേരളത്തിലേതടക്കം 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മാര്‍ച്ച് 23-ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്‍പ്പെടെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 58 സീറ്റുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാര്‍ച്ച് 23-നാണ് നടക്കുക. 16 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നിലവിലെ അംഗങ്ങള്‍ ഒഴിയുന്നതോടെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ധര്‍മ്മേന്ദ്ര പ്രധാന്‍, ജെ.പി നദ്ദ തുടങ്ങിയവരും കാലാവധി കഴിയുന്ന രാജ്യസഭാംഗങ്ങളില്‍ ഉള്‍പ്പെടും.

ഉത്തര്‍പ്രദേശില്‍ നിന്ന് 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബീഹാറില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ആറു വീതവും, പശ്ചിമ ബംഗാളില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും അഞ്ചുവീതവും, ഗുജറാത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും നാലു വീതവും, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്നു വീതവും, ഝാര്‍ഖണ്ഡില്‍ നിന്നും രണ്ടും, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

വീരേന്ദ്രകുമാര്‍ രാജി വെച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. 2022 ഏപ്രില്‍ വരെ കാലാവധി ഉണ്ടായിരുന്ന വീരേന്ദ്രകുമാര്‍ കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് രാജി വെച്ചത്.

We use cookies to give you the best possible experience. Learn more