'ബി.ജെ.പി അജയ്യരല്ല, മോദിയെ തടയാനാവില്ലെന്നത് വെറും മിഥ്യാധാരണ'; പ്രതിപക്ഷം അവസരം പാഴാക്കുന്നു: പ്രശാന്ത് കിഷോര്‍
national news
'ബി.ജെ.പി അജയ്യരല്ല, മോദിയെ തടയാനാവില്ലെന്നത് വെറും മിഥ്യാധാരണ'; പ്രതിപക്ഷം അവസരം പാഴാക്കുന്നു: പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2024, 7:42 pm

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ക്രിക്കറ്റില്‍ ഫീല്‍ഡര്‍ ക്യാച്ച് നഷ്ടമാക്കുന്നതിന് സമാനമായി പ്രതിപക്ഷം ബി.ജെ.പിയെ തകര്‍ക്കാനുള്ള അവസരങ്ങള്‍ പാഴാക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

‘നിങ്ങള്‍ ക്യാച്ചുകള്‍ ഉപേക്ഷിക്കുന്നത് തുടരുകയാണെങ്കില്‍ ബാറ്റര്‍ സെഞ്ച്വറി നേടും. പ്രത്യേകിച്ചും അവന്‍ ഒരു മികച്ച ബാറ്ററാണെങ്കില്‍,’ എന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ജെ.പി നദ്ദയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ 370 സീറ്റുകള്‍ നേടുമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയില്ലെങ്കിലും 300 സീറ്റുകള്‍ നേടുമെന്ന തന്റെ നിലപാടില്‍ പ്രശാന്ത് ഉറച്ചുനില്‍ക്കുന്നതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷ, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്‍നിരയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ബി.ജെ.പിയെ തടയാനാവില്ലെന്നത് വെറും ധാരണയും വലിയ മിഥ്യയുമാണെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് തടയിടാന്‍ മൂന്ന് അവസരങ്ങളുണ്ടായിരുന്നുവെങ്കിലും അലസതയും തെറ്റായ തന്ത്രങ്ങളും കാരണം പ്രതിപക്ഷത്തിന് അവ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

‘2015ലും 2016ലും അസം ഒഴികെയുള്ള നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് അവര്‍ ശക്തമായി തിരിച്ചുവന്നു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമാണ് നോട്ട് നിരോധനം വന്നത്.

അപ്പോഴും പ്രതിപക്ഷം അലസത പ്രകടിപ്പിച്ചു. 2020ലെ കൊവിഡ് മഹാമാരി കാലയളവില്‍ മോദിയുടെ അംഗീകാര റേറ്റിംഗില്‍ ഇടിവുണ്ടായി. പശ്ചിമ ബംഗാളില്‍ ബി.ജെ.പി അരക്ഷിതാവസ്ഥയിലാവുകയും ചെയ്തു,’ പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു.

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് സ്വന്തം തട്ടകങ്ങളില്‍ ബി.ജെ.പിയെ നേരിടാന്‍ കഴിയാത്തതിനാലാണ് എന്‍.ഡി.എ സഖ്യം ഭരണത്തില്‍ തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Election strategist Prashant Kishore criticized the opposition’s move against BJP