കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് ഒരു എം.എല്‍.എ പോലുമില്ലാതായിട്ട് 15 വര്‍ഷങ്ങള്‍
Kerala Election 2021
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് ഒരു എം.എല്‍.എ പോലുമില്ലാതായിട്ട് 15 വര്‍ഷങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 7:59 pm

99 സീറ്റുകളുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യമായി കേരളത്തില്‍ തുടര്‍ ഭരണമെന്ന ചരിത്രം കുറിക്കുമ്പോള്‍ പലയിടത്തും യു.ഡി.എഫിനുണ്ടായ തകര്‍ച്ചയും കോണ്‍ഗ്രസിനേറ്റ വോട്ടു ചോര്‍ച്ചയും ചര്‍ച്ചയാവുകയാണ്. കോണ്‍ഗ്രസിലെ നേതൃസ്ഥാനത്തേക്കുയര്‍ത്തിക്കാണിച്ച നേതാക്കള്‍ക്ക് പോലും മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിജയിക്കാനായത് വെറും 21 സീറ്റുകളിലാണ്. കോഴിക്കോട് ജില്ലയിലാകട്ടെ കോണ്‍ഗ്രസിന് ഒരു എം.എല്‍.എ പോലുമില്ല.

കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളാണുള്ളത്. നാദാപുരം, കൊയിലാണ്ടി, കുറ്റ്യാടി, ബാലുശ്ശേരി, പേരാമ്പ്ര, എലത്തൂര്‍, വടകര, തിരുവമ്പാടി, കുന്നമംഗലം, കൊടുള്ളി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നിവയാണ് ഈ മണ്ഡലങ്ങള്‍.

ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയില്‍ അധികവും. ഇത്തവണയും 13 മണ്ഡലങ്ങളില്‍ 11 ലും എല്‍.ഡി.എഫാണ് വിജയിച്ചത്.

ജില്ലയില്‍ ഇത്തവണ കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയത് അഞ്ച് മണ്ഡലങ്ങളിലാണ്. ഈ അഞ്ചിടത്തും ദയനീയ തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്.

നാദാപുരം, കൊയിലാണ്ടി, ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നത്.

നാദാപുരത്ത് കെ. പ്രവീണ്‍ കുമാര്‍, കൊയിലാണ്ടിയില്‍ എന്‍. സുബ്രഹ്‌മണ്യന്‍, ബാലുശ്ശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, കോഴിക്കോട് നോര്‍ത്തില്‍ കെ.എം അഭിജിത്ത്, ബേപ്പൂരില്‍ പി.എം. നിയാസ് എന്നിവരെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ണായ കൊയിലാണ്ടിയിലോ, ഒരുപോലെ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും പിന്തുണച്ച ചരിത്രമുള്ള കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലോ പോലും നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല.

കൊയിലാണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്‌മണ്യന്‍, കോഴിക്കോട് നോര്‍ത്ത് സ്ഥാനാര്‍ത്ഥി കെ. എം അഭിജിത്ത്‌

ഇത് ഈ തെരഞ്ഞെടുപ്പില്‍ മാത്രം സംഭവിച്ച ഒന്നല്ല, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായിട്ടില്ല എന്ന യാഥാര്‍ത്ഥ്യം കൂടി നിലവിലുണ്ട്.

കൃത്യമായി പറഞ്ഞാല്‍ 15 വര്‍ഷക്കാലമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലത്തിലും എം.എല്‍.എമാരില്ല. കോണ്‍ഗ്രസിന് കോഴിക്കോട് ജില്ലയില്‍ അവസാനത്തെ രണ്ട് എം.എല്‍.എമാര്‍ ഉണ്ടാവുന്നത് കോഴിക്കോട് നോര്‍ത്തിലും കൊയിലാണ്ടി മണ്ഡലത്തിലുമാണ്. 2001ലാണ് അവസാനമായി രണ്ട് എം.എല്‍.എമാര്‍ വിജയിച്ചത്. അവര്‍ ആ മന്ത്രിസഭയില്‍ മന്ത്രിമാരുമായി.

2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ അഡ്വ. എ. സുജനപാല്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അഡ്വ. പി. സതീദേവിയെ പരാജയപ്പെടുത്തിയാണ് എം.എല്‍.എയായത്. കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. പി. ശങ്കരന്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. വിശ്വനെ പരാജയപ്പെടുത്തി എം.എല്‍.എയായി.

അഡ്വ. എ. സുജനപാല്‍, അഡ്വ. പി ശങ്കരന്‍

എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ പിന്നീടൊരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ കോഴിക്കോട് വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നത് കാണാം.

മണ്ഡലങ്ങളിലൂടെ

ബേപ്പൂര്‍

1977ല്‍ മാത്രം കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം എക്കാലത്തും ഉറച്ച ഇടതു കോട്ടയാണ്. 1982ല്‍ ഇടതുപക്ഷം തിരിച്ചു പിടിച്ച മണ്ഡലത്തില്‍ ഇക്കുറി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി. എ മുഹമ്മദ് റിയാസാണ് വിജയിച്ചത്.

ടി.കെ ഹംസയും എളമരം കരീമും ഉള്‍പ്പെടെയുള്ള സമുന്നതരായ സി.പി.ഐ.എം നേതാക്കള്‍ വിജയിച്ചുവന്ന മണ്ഡലം കൂടിയാണ് ബേപ്പൂര്‍.

അഡ്വ. പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട് സൗത്ത്

യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും മാറി മാറി വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്ത്. കാലങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം കൂടിയാണ് കോഴിക്കോട് സൗത്ത്.

2011ലും 2016ലും എം.കെ. മുനീര്‍ എം.എല്‍.എ ആയിരുന്ന മണ്ഡലം ഇക്കുറി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിലൂടെ തിരിച്ചു പിടിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് 1957ലും 1960ലും മാത്രമാണ് സൗത്ത് മണ്ഡലത്തില്‍ എം.എല്‍.എ ഉണ്ടായത്.

ലീഗിന് കാര്യമായ നേട്ടമുണ്ടാക്കാനായ മണ്ഡലമാണ് സൗത്ത് മണ്ഡലം. എന്നാല്‍ കോണ്‍ഗ്രസിന് ഇവിടെ കാര്യമായ ചലനങ്ങള്‍ പാര്‍ട്ടി എന്ന നിലയിലും ഉണ്ടാക്കാനായിട്ടില്ല.

കോഴിക്കോട് നോര്‍ത്ത്

ചരിത്രം പരിശോധിച്ചാല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം ഇടതുപക്ഷത്തെയും യു.ഡി.എഫിനെയും ഒരു പോലെ പിന്തുണച്ച മണ്ഡലമാണെന്ന് കാണാം. 1957ലെ തെരഞ്ഞെടുപ്പിലും 1970ലും 1991ലും ഒടുവില്‍ 2001ലും നോര്‍ത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഈ മണ്ഡലം ഭരിക്കാന്‍ സാധിച്ചിട്ടില്ല.

2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ കോഴിക്കോട് നോര്‍ത്ത് മണ്ഡലം വിജയിപ്പിച്ചത് സി.പി.ഐ.എം നേതാവ് എ. പ്രദീപ് കുമാറിനെയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റും പുതുമുഖവുമായ കെ.എം അഭിജിത്തിനെ കളത്തിലിറക്കിയെങ്കിലും വിജയം എല്‍.ഡി.എഫിനൊപ്പമായിരുന്നു.

കോഴിക്കോട് മുന്‍ മേയര്‍ കൂടിയായ തോട്ടത്തില്‍ രവീന്ദ്രനാണ് 2021 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

തോട്ടത്തില്‍ രവീന്ദ്രന്‍

കൊടുവള്ളി

1957ലെയും 1960ലെയും തെരഞ്ഞെടുപ്പൊഴിച്ചാല്‍ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടായിട്ടില്ല. 1977 മുതല്‍ തുടര്‍ച്ചയായി ലീഗ് വിജയിച്ചു വന്ന മണ്ഡലമായിരുന്നു കൊടുവള്ളി. 2006ല്‍ ഇടതു സ്വതന്ത്രനായ പി.ടി.എ റഹീം മണ്ഡലത്തില്‍ ആദ്യമായി വിജയം നേടി. എന്നാല്‍ തുടര്‍ന്നും ലീഗും ഇടതുപക്ഷവും മാറി ഭരിച്ചെങ്കിലും മണ്ഡലം ഇക്കുറി എം. കെ മുനിറീലൂടെ ലീഗ് പിടിച്ചെടുത്തു.

കുന്ദമംഗലം

2011 മുതല്‍ ഇടതു സ്വതന്ത്രനായ പി.ടി.എ റഹീമാണ് കുന്ദമംഗലത്തെ എം.എല്‍.എ. മൂന്നാം തവണയും അദ്ദേഹം തന്നെ വിജയിച്ചു കയറിയ മണ്ഡലത്തില്‍ 1957ല്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

തിരുവമ്പാടി

എല്‍.ഡി.എഫ് നിര്‍ത്തിയ പുതുമുഖം ലിന്റോ ജോസഫ് വിജയിച്ച മണ്ഡലമാണ് തിരുവമ്പാടി. ഇവിടെ കോണ്‍ഗ്രസ് ജയിച്ചത് ഒരേ ഒരു തവണയാണ്. 1987ല്‍ കോണ്‍ഗ്രസിന്റെ പി.പി. ജോര്‍ജ് സി.പി.ഐ.എമ്മിന്റെ മത്തായി ചാക്കോയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

എന്നാല്‍ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ലീഗ് നിലനിര്‍ത്തിയ മണ്ഡലം സി.പി.ഐ.എം തിരിച്ചു പിടിക്കുന്നത് 2006ല്‍ ആണ്. മത്തായി ചാക്കോയിലൂടെ തന്നെയാണ് ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിച്ചത്.

2011ല്‍ വീണ്ടും ലീഗ് ജയിച്ചെങ്കിലും 2016ലും 2021ലും മണ്ഡലം ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്.

നാദാപുരം

ഒരുതവണ പോലും കോണ്‍ഗ്രസിന് ജയിക്കാനുള്ള ഒരു അവസരം ഉണ്ടാക്കാന്‍ സാധിക്കാത്ത മണ്ഡലമാണ് നാദാപുരം. 1960ല്‍ ഹമീദ് അലി ഷംനാദ് എന്ന ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ച് എം.എല്‍.എ ആയെങ്കിലും തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട മണ്ഡലമായിരുന്നു നാദാപുരം. 1967ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി ബാലകൃഷ്ണനെ പരാജയപ്പെടുത്തി സി.പി.ഐ.എമ്മിന്റെ ഇ.വി. കുമാരനിലൂടെയാണ് എല്‍.ഡി.എഫ് മണ്ഡലം തിരിച്ചു പിടിക്കുന്നത്. 1970 മുതല്‍ സി.പി.ഐ വിജയിച്ചു വരുന്ന മണ്ഡലമാണിത്.

2011 മുതല്‍ സി.പി.ഐ നേതാവ് ഇ.കെ വിജയനാണ് മണ്ഡലത്തിലെ എം.എല്‍.എ.

കൊയിലാണ്ടി

പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുബാങ്കുള്ള മണ്ഡലമായി അറിയപ്പെട്ടിരുന്ന കൊയിലാണ്ടി മണ്ഡലത്തില്‍ അവസാനമായി കോണ്‍ഗ്രസ് എം.എല്‍.എ ഉണ്ടാവുന്നത് 2001ല്‍ ആണ്. പി. ശങ്കരനായിരുന്നു ഇവിടെ വിജയിച്ചു വന്നത്.

തുടന്ന് സി.പി.ഐ.എമ്മിന്റെ കയ്യിലാണ് മണ്ഡലം. കോണ്‍ഗ്രസിന് വേരോട്ടമുണ്ടായിരുന്ന മണ്ഡലം 1996ല്‍ സി.പി.ഐ.എമ്മിന്റെ പി. വിശ്വനിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.

പേരാമ്പ്ര

1970ലാണ് അവസാനമായി പേരാമ്പ്രയ്ക്ക് ഒരു കോണ്‍ഗ്രസ് എം.എല്‍.എ ഉണ്ടാവുന്നത്. കെ.ജി. അടിയോടിയായിരുന്നു അന്ന് വിജയിച്ചത്. തുടര്‍ന്ന് മണ്ഡലം ഒരു തവണ കെ.സി. ജോസഫ് നേടിയെങ്കിലും 1980 മുതല്‍ സി.പി.ഐ.എമ്മിന്റെ കയ്യിലാണ് മണ്ഡലം.

എ. ജി അടിയോടി

ബാലുശ്ശേരി

ബാലുശ്ശേരി മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അവസാനം എം.എല്‍.എ ഉണ്ടാവുന്നത് 1970ല്‍ ആണ്. എ.സി ഷണ്‍മുഖദാസ് ആയിരുന്നു അന്ന് വിജയിച്ചത്. ഏഴുതവണ നിയമസഭയിലെത്തിയ എ.സി. ഷണ്‍മുഖദാസ് അടുത്ത ആറുതവണയും നിയമസഭയിലെത്തിയത് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായായിരുന്നു എന്നത് മറ്റൊരു പ്രത്യേകത.

2006 ല്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനൊപ്പമുള്ള എന്‍.സി.പി സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രനും 2011ല്‍ സി.പി.ഐ.എമ്മിന്റെ പുരുഷന്‍ കടലുണ്ടിയുമാണ് വിജയിച്ചത്. ഇക്കുറി മണ്ഡലം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ കെ. എം സച്ചിന്‍ ദേവ് നിലനിര്‍ത്തി.

എലത്തൂര്‍

നേരത്തെ കൊടുവള്ളി, ബാലുശ്ശേരി, കുന്നമംഗലം നിയോജക മണ്ഡലങ്ങളിലെ ഭാഗമായിരുന്ന പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച മണ്ഡലമാണ് എലത്തൂര്‍. 2008ലാണ് മണ്ഡലം രൂപീകൃതമാകുന്നത്. ഇതിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എന്‍.സി.പിയുടെ എ.കെ ശശീന്ദ്രനെ പിന്തുണച്ച മണ്ഡലാണ് എലത്തൂര്‍.

കുറ്റ്യാടി

മേപ്പയൂര്‍ നിയമസഭയെ വിഭജിച്ച് 2008ല്‍ വടകര മുന്‍സിപാലിറ്റിയിലെ ഏഴ് പഞ്ചായത്തുകളെ ചേര്‍ത്ത് രൂപീകരിച്ച മണ്ഡലമാണ് കുറ്റ്യാടി. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തിയാണ് സി.പി.ഐ.എം നേതാവ് കെ.കെ. ലതിക എം .എല്‍.എയാകുന്നത്. 2016ല്‍ ലീഗിന്റെ പാറക്കല്‍ അബ്ദുള്ള ലതികയെ തോല്‍പ്പിച്ച് അധികാരത്തിലെത്തിയെങ്കിലും 2021ല്‍ ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിച്ചു.

പാറക്കല്‍ അബ്ദുള്ളയെ തോല്‍പ്പിച്ച് കെ.പി. കുഞ്ഞഹമ്മദ് മാസ്റ്ററാണ് ഇവിടെ ഇത്തവണ വിജയിച്ചത്. പഴയ മേപ്പയൂര്‍ മണ്ഡലത്തില്‍ 1991ലാണ് അവസാനമായി ഒരു കോണ്‍ഗ്രസ് എം.എല്‍.എ ഉണ്ടാവുന്നത്.

വടകര

ഇടതുകോട്ടയില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായ കെ.കെ. രമ യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചു കയറിയെന്ന പ്രത്യേകതയുണ്ട് ഇത്തവണ വടകര മണ്ഡലത്തിന്. എന്നാല്‍ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലം കോണ്‍ഗ്രസിനെ വിജയിപ്പിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Election special story about Kozhikode district and congress MLAs