ഇ.വി.എമ്മിലേയും വി.വി.പാറ്റിലേയും എണ്ണം ഒത്തുവന്നില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണം; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി
D' Election 2019
ഇ.വി.എമ്മിലേയും വി.വി.പാറ്റിലേയും എണ്ണം ഒത്തുവന്നില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണം; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 2:34 pm

 

ന്യൂദല്‍ഹി: ഇ.വി.എമ്മും വി.വി.പാറ്റുമായി എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും എ.എ.പി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് പറഞ്ഞു.

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നുള്ള തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ബി.ജെ.പി 6 മുതല്‍ 7 സീറ്റ് വരെ നേടുമെന്നും കോണ്‍ഗ്രസിനു ലഭിക്കുക പരമാവധി ഒരു സീറ്റാണെന്നും സര്‍വേ പ്രവചിച്ചിരുന്നു.

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്. വി.വി.പാറ്റിലെ എണ്ണവും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

” ഇ.വി.എം ഒരു യഥാര്‍ത്ഥ ഗെയിം ആണോ? പണം കൈപറ്റിയ ശേഷമല്ലേ ഈ എക്‌സിറ്റ് പോളുകളെല്ലാം പുറത്തുവിടുന്നത്? ബീഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും ചണ്ഡീഗഡിലും ഗുജറാത്തിലും മഹാരാഷ്രയിലും കര്‍ണാടകയിലും ദല്‍ഹിയിലും പശ്ചിമബംഗാളിലും എല്ലായിടത്തും ബി.ജെ.പി വിജയിക്കുമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?

ഇ.വി.എമ്മും വി.വി.പാറ്റുമായി എന്തെങ്കിലും വ്യത്യാസം വന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്- സഞ്ജയ് സിങ് പറഞ്ഞു.

താരമണ്ഡലങ്ങളുടെയും വിവാദങ്ങളുടെയും പേരില്‍ ഇത്തവണ ദല്‍ഹിയിലെ ലോക്സഭാ മണ്ഡലങ്ങള്‍ ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബോക്സര്‍ വിജേന്ദര്‍ സിങ്ങും മത്സരിക്കാനെത്തിയതോടെയാണ് മണ്ഡലം ശ്രദ്ധേയമായത്.

നേരത്തേ പുറത്തുവന്ന ദക്ഷിണേന്ത്യയിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്ക് എതിരായിരുന്നു. ദക്ഷിണേന്ത്യയില്‍ യു.പി.എ 55-63 സീറ്റുകളും എന്‍.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു. അതേസമയം മറ്റു കക്ഷികള്‍ 35-46 സീറ്റുകള്‍ നേടുമെന്നും സര്‍വേ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബി.ജെ.പി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.

കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.

 

കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡെയാണ് ഏറ്റവുമധികം സീറ്റുകളില്‍ ബി.ജെ.പിക്കും എന്‍.ഡിഎയ്ക്കും വിജയം പ്രവചിക്കുന്നത്. 365 സീറ്റ് വരെ എന്‍.ഡി.എ നേടിയേക്കാമെന്ന് അവര്‍ പറയുന്നു. 108 സീറ്റില്‍ യു.പി.എയും 69 സീറ്റില്‍ മറ്റുള്ളവരും വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട ഫലം.

സി.എന്‍.എന്‍ ന്യൂസ് 18 എന്‍.ഡി.എക്ക്് 336 സീറ്റുകളും യു.പി.എക്ക് 82 സീറ്റും മറ്റുള്ളവര്‍ക്ക് 124 സീറ്റുമാണ് പ്രവചിച്ചത്.

ടൈംസ് നൗ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 306 സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിക്കുക. 132 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുമ്പോള്‍ 104 സീറ്റുകളാണ് മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവചിക്കുന്നത്.

റിപ്പബ്ലിക് ചാനലിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 287 സീറ്റിലാണ് എന്‍.ഡി.എ വിജയിക്കാന്‍ സാധ്യതയുള്ളത്. യു.പി.എക്ക് 128 സീറ്റ് വരെ കിട്ടാം. മറ്റ് പാര്‍ട്ടികളും 127 സീറ്റ് വരെ വിജയിക്കാമെന്നും അവര്‍ പറയുന്നു.

ന്യൂസ് എക്‌സ് 298 സീറ്റില്‍ എന്‍.ഡി.എയ്ക്കും 118 സീറ്റില്‍ യു.പി.എയക്കും 126 സീറ്റില്‍ മറ്റ് പാര്‍ട്ടികള്‍ക്കും വിജയം പ്രവചിക്കുന്നു.

എബിപി ന്യൂസാണ് ഇന്ത്യയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എന്‍.ഡി.എക്ക് 267 സീറ്റ് മാത്രമേ ലഭിക്കൂവെന്നും യു.പി.എയ്ക്ക് 127 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നും മറ്റുള്ളവര്‍ 148 സീറ്റിലും വിജയിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.