ന്യൂ ദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പിന്നില്‍ തന്നെയാണ്. തെരഞ്ഞെടുപ്പിന് മുമ്പേ ഭരണത്തിലിരുന്ന പഞ്ചാബിലും പാര്‍ട്ടിക്ക് അടിത്തറയിളകുന്ന കാഴ്ചയാണ് കാണുന്നത്.
അരനൂറ്റാണ്ടിലധികം കാലം രാജ്യം ഭരിച്ച പാരമ്പര്യമുള്ള, ഏഴ് തവണ ഒറ്റയ്ക്ക് രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം നേടിയ, നെഹ്‌റുവിന്റെ ലെഗസിയെ ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസിന് പിഴച്ചതെവിടെ എന്ന ചോദ്യത്തിനുത്തരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ മനസിലായിട്ടും കോണ്‍ഗ്രസിന് മാത്രം മനസിലാവാത്ത അവസ്ഥയാണെന്ന് വ്യക്തമാവുന്ന ഫലങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ശക്തികേന്ദ്രമായി കണക്കാക്കിയ പഞ്ചാബില്‍ കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പോടെ അഡ്രസില്ലാതാവുന്ന കാഴ്ചയാണ് കാണുന്നത്. അധികാരസ്ഥാനങ്ങള്‍ക്കായുള്ള ചരടുവലികള്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് വിനയായത് എന്നാണ് കരുതപ്പെടുന്നത്. ഒപ്പം നവജ്യോത് സിംഗ് സിദ്ദുവടക്കമുള്ള നേതാക്കളുടെ ഏകാധിപത്യപ്രവണതയും.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലിതുവരെയില്ലാത്ത, തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും സിദ്ദുവിന്റെ വാശിയുടെ പുറത്ത് മാത്രമാണ്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ സിദ്ദുവിന്റെ ‘ആദ്യം ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ടല്ലേ മുഖ്യമന്ത്രി’ എന്ന മറുപടിയും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ശക്തമായ ബി.ജെ.പി വിരുദ്ധ വികാരം ഉടലെടുത്തിട്ടും മുതലാക്കാനാവാതെ പോയതായിരുന്നു കോണ്‍ഗ്രസിന്റെ മറ്റൊരു പരാജയം. ഇതിന് തെളിവാണ് ആം ആദ്മിയുടെ വമ്പിച്ച മുന്നേറ്റവും.
മുഖ്യമന്ത്രിയായ ചന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പി.സി.സി അധ്യക്ഷന്‍ സിദ്ദു മത്സരിച്ച മണ്ഡലത്തിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല, ഇതില്‍ പലതും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണെന്നിരിക്കെയാണ് രാജ്യം ഭരിച്ച പാര്‍ട്ടിയുടെ ദുരവസ്ഥ വ്യക്തമാകുന്നത്.
പഞ്ചാബിലും ഭരണം നഷ്ടപ്പെടുന്നതോടെ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രണ്ടിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. രാജസ്ഥാനും ഛത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ ഭരണമുള്ളത്. അതില്‍ തന്നെ നേതാക്കളുടെ തമ്മിലടി കാരണം രാജ്സ്ഥാന്‍ ഇന്നോ നാളെയോ എന്ന അവസ്ഥയിലുമാണ്.
നിലവിലെ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ 4 സീറ്റിലും പഞ്ചാബില്‍ 15 സീറ്റിലും ഗോവയില്‍ പത്ത് സീറ്റുകളിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും യഥാക്രമം 4, 22 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
ഇനി കോണ്‍ഗ്രസിന് എന്തെങ്കിലും തരത്തില്‍ പ്രതീക്ഷ വെക്കാന്‍ സാധിക്കുന്നത് ഗോവയിലും ഉത്തരാഖണ്ഡിലുമാണ്, അതിന് മറ്റ് പാര്‍ട്ടികളും കനിയണം. മറ്റുപാര്‍ട്ടികള്‍ കനിഞ്ഞാലും ജയിച്ചു വന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടില്ല എന്നും ഉറപ്പാക്കണം.
ഈ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഉത്തരം കണ്ടെത്തിയെങ്കില്‍ മാത്രമേ വിദൂരഭാവിയിലെങ്കിലും ഒരു തിരിച്ചുവരവ് പാര്‍ട്ടിക്ക് സാധ്യമാവൂ.