യോഗിയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കു; മോദിക്കെതിരെ യുപിയില്‍ വ്യാപക പ്രചരണം
Election Results 2018
യോഗിയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കു; മോദിക്കെതിരെ യുപിയില്‍ വ്യാപക പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 9:14 pm

ലക്‌നൗ: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബി.ജെ.പിയുടെ ഐക്കണായ പ്രധാനമന്ത്രിയെ മാറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ട് വരണമെന്ന് ആവശ്യം. നവനിര്‍മാണ്‍ സേനയാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് കൊണ്ട് വ്യാപക പ്രചരണമാണ് അവര്‍ നടത്തുന്നത്.

നരേന്ദ്രമോദി വാഗ്ദാന ലംഘനത്തിന്റെ ബ്രാന്‍ഡ്‌ണെന്നും ഹിന്ദുത്വത്തിന്റെ ബ്രാന്‍ഡ് യോഗി ആണെന്നുമാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ യോഗിയെ കൊണ്ട് വരണമെനന്നാണ് ഇവര്‍ പറയുന്നത്. ലക്‌നൗവില്‍ ഉയര്‍ത്തിയ ബാനറിലാണ് മോദിയുടെയും യോഗിയുടെയും ചിത്രം പതിപ്പിച്ച ബാനറിലാണ് ഇക്കാര്യം പറയുന്നത്.

Read Also : സര്‍ക്കാര്‍ കൊല്ലാന്‍ നോക്കി, ശവങ്ങളുടെ കൂടെ കിടത്തി; ആരോപണങ്ങളുമായി എ.എന്‍ രാധാകൃഷ്ണന്‍

അയോധ്യ രാമക്ഷേത്ര വിഷയവും ഗോവധ വിഷയവുമൊക്കെ ചൂണ്ടിക്കാണിച്ച് ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ നേതാവ് യോഗി ആദിത്യനാഥാണെന്ന്നേരത്തേയും തീവ്ര ഹിന്ദു സംഘടനകളടക്കം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം അത്തരമൊരു പ്രചരണമുണ്ടായിരുന്നു.

നവനിര്‍മാണ്‍ സേന പോലുള്ള തീവ്ര ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം മൂലം അടുത്ത കാലത്തായി നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലെല്ലാം മോദിക്ക് പകരമായി പ്രചരണ ചുമതല യോഗി ആദിത്യനാഥായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത്. പതിവില്‍ വിപരീതമായി മോദിയേക്കാള്‍ ഇരിട്ടയിലധികം റാലികളിലാണ് യോഗി സാന്നിധ്യം അറിയിച്ചത്.

ബി.ജെ.പിയുടെ മറ്റു മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴാണു യോഗി രാജ്യവ്യാപക പ്രചാരണത്തിനിറങ്ങിയത്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍ മുന്നേറ്റത്തിനു കളമൊരുക്കിയതില്‍ യോഗിയുടെ റാലികള്‍ വലിയ പങ്കുവഹിച്ചുവെന്ന് ബി.ജെ.പി നേതൃത്വം അന്ന് പറഞ്ഞിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് മുഖ്യപ്രചാരകന്റെ നിരയിലേക്ക് യോഗിയുടെ പേരും ഉയര്‍ന്ന് വന്നത്.

അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. അതില്‍ 63 ല്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കമുള്ളത്. ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്. 2013 ല്‍ 16 സീറ്റുകളാണ് ബി.ജെ.പി ഇവിടെ നേടിയത്.

മധ്യപ്രദേശില്‍ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും വര്‍ഗീയ പരാമര്‍ശങ്ങളും ബി.ജെ.പിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ബി.ജെ.പി മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദളിത് വോട്ടുകള്‍ പ്രീണിപ്പിക്കാന്‍ നടത്തിയ പരമാര്‍ശങ്ങളും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.