| Friday, 11th June 2021, 8:17 pm

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കും; നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജൂണ്‍ 11 മുതല്‍ സെപ്ടംബര്‍ 10 വരെയാണ് നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുന്ന കീഴ്വഴക്കമാണ് കഴിഞ്ഞ 5 വര്‍ഷം സ്വീകരിച്ചതെന്നും പ്രകടന പത്രിക നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിന്റെ പുരോഗതി ഓരോഘട്ടത്തിലും ജനം അറിയണം. കഴിഞ്ഞ സര്‍ക്കാരിന്റെ ആ രീതി ഈ സര്‍ക്കാരും അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.

ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും. കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നൂറുദിന പദ്ധതികള്‍ പ്രധാന പ്രഖ്യാപനങ്ങള്‍,

1. 20 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്‌ക് വഴി തൊഴില്‍ ഉറപ്പാക്കും

2. 77350 തൊഴില്‍ അവസരം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നൂറു ദിനം കൊണ്ട് സൃഷ്ടിക്കും

3. 945 കോടി 35 ലക്ഷം രൂപയുടെ ഒമ്പത് റോഡ് പദ്ധതികള്‍ നൂറു ദിനം കൊണ്ട് നടപ്പാക്കും
4. 2000 പട്ടയങ്ങള്‍ നൂറു ദിനം കൊണ്ട് വിതരണം ചെയ്യും
5. ലൈഫ് മിഷന്‍ വഴി 10000 വീടുകള്‍ കൂടി പൂര്‍ത്തിയാക്കും
6. 200 കോടിയുടെ ധന സഹായം കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കും
7. 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉത്ഘാടനം ചെയ്യും
8. സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കും
9. 100 കോടിയുടെ വായ്പ പദ്ധതി മടങ്ങി വന്ന പ്രവാസികള്‍ക്ക് നല്‍കും
10. ചെല്ലാനത്തെ കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ
11. പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളില്‍ 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
12. 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.
13. വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണിനായി 10,000 രൂപ നിരക്കില്‍ പലിശ രഹിത വായ്പ്പ നല്‍കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Election promises will be kept on time; CM Pinarayai Vijayn  announces 100-day plans

We use cookies to give you the best possible experience. Learn more