യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ഡൊണാള്‍ഡ് ട്രംപ്
World News
യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ഡൊണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 9:15 am

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രൈനിലെ പ്രശ്‌നങ്ങളുന്നയിച്ച് കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് നവവിജയത്തിന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉക്രൈനിലെ യുദ്ധം വര്‍ധിപ്പിക്കരുതെന്നാണ് ട്രംപ് പുടിനോട് ആവശ്യപ്പെട്ടതെന്നും യൂറോപ്പിലെ വാഷിങ്ടണിന്റെ സൈനികരുടെ സാന്നിധ്യത്തെ കുറിച്ച് സൂചിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് റഷ്യ- ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഒരു ദിവസം കൊണ്ട് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗമെന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല.

ചില പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്ന കരാറുകളെ പിന്തുണക്കുന്നതിനെ കുറിച്ചും ഫോണ്‍ സംഭാഷണത്തിനിടെ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ സമാധാനത്തിനായുള്ള ലക്ഷ്യങ്ങളെ കുറിച്ചും ഉക്രൈനുമായുള്ള യുദ്ധത്തില്‍ ഉടന്‍ പരിഹാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പിന് ശേഷം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെ 70 ഓളം ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പുടിന്‍ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഉക്രൈന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായും നയതന്ത്ര പരിഹാരങ്ങള്‍ക്കായി ട്രംപ് പുടിനുമായി സംസാരിക്കുമെന്ന് ഉക്രൈനിന് ധാരണയുണ്ടായിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Election promises to end war; Donald Trump held talks with Putin