| Wednesday, 25th December 2024, 1:43 pm

ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പദ്ധതികള്‍; അത്തരമൊരു പദ്ധതിയില്ലെന്ന മുന്നറിയിപ്പുമായി വകുപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളെയും പ്രായമായവരെയും സഹായിക്കുന്ന പദ്ധതിയില്‍ നിന്ന് വിട്ടുനിന്ന് വനിതാശിശു വികസന-ആരോഗ്യ വകുപ്പ്. ആം ആദ്മി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത ഈ പദ്ധതികളില്‍ നിന്ന് വകുപ്പുകള്‍ മാറി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

സ്ത്രീകള്‍ക്ക് 2100 രൂപയും (മഹിളാ സമ്മാന്‍ യോജന) പ്രായമായവര്‍ക്ക് സൗജന്യ ചികിത്സയും (സഞ്ജീവനി യോജന)ല്‍കുന്ന പദ്ധതിയാണിത്. ഭരണകക്ഷിയായ പാര്‍ട്ടിയുടെ വാഗ്ദാന പദ്ധതിയില്‍ നിന്നാണ് വകുപ്പ് മാറി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നിലവില്‍ ഇല്ലാത്ത സ്‌കീമുകളുടെ രജിസ്‌ട്രേഷന്റെ പേരില്‍ ആരും വ്യക്തിഗത വിവരങ്ങള്‍ നല്‍കരുതെന്നാണ് രണ്ട് വകുപ്പുകളും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ വ്യക്തികളോ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫോമുകളോ രേഖകളോ കൈമാറുന്നതും വിവരങ്ങള്‍ ശേഖരിക്കുന്നതും വഞ്ചനാപരമാണെന്നും വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്‌രിവാള്‍ രണ്ട് പദ്ധതികളും പ്രഖ്യാപിച്ചത്. എന്നാല്‍ അത്തരമൊരു പദ്ധതി നിലവിലില്ലെന്നും രജിസ്ട്രര്‍ ചെയ്യരുതെന്നുമാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അതേസമയം മഹിളാ സമ്മാന്‍ യോജനയിലും സഞ്ജീവനി യോജനയിലും ബി.ജെ.പി സര്‍ക്കാരിന്റെ ഇടപെടലുണ്ടാവുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി അതിഷിയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അരവിന്ദ് കെജ്‌രിവാളും പ്രതികരിക്കുകയുണ്ടായി.

അതിഷിയെ അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പി പദ്ധതിയിടുന്നുണ്ടെന്നും അറസ്റ്റിന് മുമ്പ് മറ്റ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നുണ്ട്.

Content Highlight: Election Promise Schemes of Aam Aadmi; Departments with a warning that there is no such plan

We use cookies to give you the best possible experience. Learn more