സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്‌തെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
D' Election 2019
സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്‌തെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 2:06 pm

 

ന്യൂദല്‍ഹി: സ്ത്രീകള്‍ ബുര്‍ഖ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്യുന്നെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അത്തരം സംഭവങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

‘ഒരു സ്ത്രീ ബുര്‍ഖ ധരിച്ചുവന്നെങ്കില്‍ അവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താന്‍ വനിതാ ഉദ്യോഗസ്ഥരുണ്ട്. അതിനുശേഷമേ അവരെ വോട്ടു ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. കള്ളവോട്ട് ചെയ്തതുപോലുള്ള സംഭവങ്ങളൊന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ബുര്‍ഖ ധരിച്ച സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ല. കള്ളവോട്ട് ചെയ്യുന്നുണ്ടെന്നാണ് എന്റെ ആരോപണം.’ എന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഡോ. സഞ്ജീവ് ബാല്യണിന്റെ ആരോപണം.

ബുര്‍ഖ ധരിച്ച് വോട്ടു ചെയ്യാനെത്തുന്ന വോട്ടര്‍മാരുടെ മുഖം പരിശോധിക്കണം. മുഖം പരിശോധിച്ചില്ലെങ്കില്‍ താന്‍ റീ പോള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്ന് നടക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശിലെ 80ല്‍ എട്ട് സീറ്റുകളില്‍ ഇന്ന് പോളിങ് നടക്കും.

സഹാറണ്‍പൂര്‍, ഗാസിയാബാദ്, ഖൈറാന, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗര്‍ എന്നിവയാണ് പ്രധാന മണ്ഡലങ്ങള്‍. മായാവതി, അഖിലേഷ് യാദവ്, അജിത് സിംഗ് ത്രയമാണ് ഇവിടെ ബി.ജെ.പിയെ എതിരിടുന്നത്. സഖ്യമില്ലാതെ കോണ്‍ഗ്രസ് ഇവിടെ ഒറ്റക്കാണ് മത്സരിക്കുന്നത്.

പല പ്രമുഖ നേതാക്കളും ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗം ആകുന്നുണ്ട്. നിതിന്‍ ഗഡ്കരി(നാഗ്പൂര്‍), കിരണ്‍ റിജിജു(വടക്കന്‍ അരുണാചല്‍), ജനറല്‍ വി.കെ. സിംഗ്(ഗാസിയാബാദ്), സത്യപാല്‍ സിംഗ്(ബാല്‍ഘട്ട്), മഹേഷ് ശര്‍മ്മ( ഗൗതം ബുദ്ധ നഗര്‍), ആര്‍.ജെ.ഡി. തലവന്‍ അജിത് സിങ്ങും മകന്‍ ജയന്ത് ചൗധരിയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.