കന്ധമാല്‍: ഒഡീഷയിലെ കന്ധമാലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടുവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. പോളിങ്ങ് സൂപ്പര്‍വൈസര്‍ സഞ്ജുക്ത ഗിഗല്‍ ആണ് കൊല്ലപ്പെട്ടത്. ഗ്രാം റോസ്ഗാര്‍ സേവക് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍.
കന്ധമാല്‍ ജില്ലയിലെ ഗോച്ച്പദ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബരാല ഗ്രാമത്തിലാണ് സംഭവം.
വാഹനത്തില്‍ സഞ്ചരിക്കവെ റോഡില്‍ മൈന്‍ ഉണ്ടെന്ന സംശയത്തില്‍ വാഹനത്തിന് പുറത്തിറങ്ങിയപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കന്ധമാലില്‍ തന്നെ മറ്റൊരിടത്ത് മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ വാഹനം കത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഫിരിംഗിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യാത്ര ചെയ്യവെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ നിന്നിറക്കി തീ കൊളുത്തുകയായിരുന്നു. ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ 18ന് രണ്ടാം ഘട്ടത്തിലാണ് കന്ധമാല്‍ ജില്ലയില്‍ പോളിങ്.
ആദ്യ ഘട്ട വോട്ടെടുപ്പിനിടെ മാല്‍ക്കംഗിരി ജില്ലയിലെ 15 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണി കാരണം ജനങ്ങള്‍ വരാത്തത് കൊണ്ട് പോളിങ് നടന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Woman polling official gunned down by Maoists in Odisha’s Kandhamal district on the eve of election: DGP
— The Indian Express (@IndianExpress) April 17, 2019