തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
വീണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം ഏറെ വിവാദമായതിന് പിന്നാലെയാണ് വോട്ട് അഭ്യര്‍ത്ഥനാ പോസ്റ്ററുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യാനായി നല്‍കിയ നോട്ടീസുകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിലയിരുത്തല്‍. അടുത്തിടെയാണ് വീണ എസ്. നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത്.
നന്തന്‍കോട്ടെ, ആക്രിക്കടയില്‍ നിന്നാണ് ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രാദേശിക
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
നന്തന്‍കോട് സ്വദേശി ബാലുവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയത്. മോഷണക്കുറ്റത്തിനടക്കമാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.
ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളായിരുന്നു ആക്രിക്കടയില്‍ കണ്ടെത്തിയത്. നന്തന്‍കോഡ് വൈ.എം.ആര്‍ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്.
കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് പോസ്റ്ററുകള്‍ ആക്രിക്കടയുടെ പുറത്തെ ഷെഡില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കാണപ്പെട്ടത്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നും ആക്രിക്കടയുടമ പറഞ്ഞിരുന്നു.
ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം രൂപീകരിച്ചശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. എന്നാല്‍ 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതുമുന്നണിക്കൊപ്പം നിന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് യുവനേതാവ് വീണ നായരെ സ്ഥാനാര്‍ത്ഥിയാക്കിയത്.
നിലവിലെ എം.എല്‍.എ വി.കെ പ്രശാന്താണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അതേസമയം നേമത്തിനുശേഷം ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം ജില്ലയിലെ എന്‍.ഡി.എയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക