രാമക്ഷേത്രം പണിയും, അറവു ശാലകള്‍ നിരോധിക്കും; ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രിക
India
രാമക്ഷേത്രം പണിയും, അറവു ശാലകള്‍ നിരോധിക്കും; ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2017, 4:32 pm

up

15 വര്‍ഷമായി എസ്.പിയും ബി.എസ്.പിയും ഉത്തര്‍പ്രദേശിനെ കൊള്ളയടിച്ചിരിക്കുകയാണെന്നും ഇതില്‍ മാറ്റം കൊണ്ടുവരികയെന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളതെന്നും അമിത് ഷാ പറയുന്നു.

ലക്‌നൗ: യു.പി തെരഞ്ഞെടുപ്പിനായുള്ള തെരഞ്ഞെടുപ്പ് പത്രിക ബി.ജെ.പി പുറത്തിറക്കി. പാര്‍ട്ടി ദേശീയഅദ്ധ്യക്ഷന്‍  അമിത് ഷായാണ് പത്രിക പുറത്തിറക്കിയത്. അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം പണിയുമെന്നും സംസ്ഥാനത്തെ അറവുശാലകള്‍ നിരോധിക്കുമെന്നും സ്ത്രീകളില്‍ നിന്ന് മുത്തലാഖിനെ കുറിച്ച് അഭിപ്രായമെടുത്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും തെരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നുണ്ട്.

15 വര്‍ഷമായി എസ്.പിയും ബി.എസ്.പിയും ഉത്തര്‍പ്രദേശിനെ കൊള്ളയടിച്ചിരിക്കുകയാണെന്നും ഇതില്‍ മാറ്റം കൊണ്ടുവരികയെന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളതെന്നും അമിത് ഷാ പറയുന്നു.

യുവാക്കള്‍ക്ക് ലാപ്‌ടോപ്പും ഒരു വര്‍ഷത്തേക്ക് 1 ജിബി ഡാറ്റയും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. സ്‌കൂളുകളിലും സര്‍വകലാശാലകളിലും സൗജന്യ വൈഫൈ, മുഴുവന്‍ വീടുകളിലും വൈദ്യുതി എന്നിങ്ങനെയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍.

അധികാരത്തിലെത്തി 45 ദിവസത്തിനുള്ളില്‍ എല്ലാ ക്രിമിനലുകളെയും ജയിലിലടയ്ക്കും,  ഭക്ഷ്യ സംസ്‌കരണശാല, ഭൂമിയില്ലാത്തവര്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, സംസ്ഥാനത്തെ 90 ശതമാനം ജോലികളും പ്രദേശത്തെ യുവാക്കള്‍ക്ക് നല്‍കും, വിദ്യാര്‍ത്ഥികള്‍ക്കായി 500 കോടിയുടെ സ്‌കോളര്‍ഷിപ്പ് എന്നിവയാണ് മറ്റു വാഗ്ദാനങ്ങള്‍.

2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403ല്‍ 47 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായിരുന്നത്. എന്നാല്‍ 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 71 ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പി ജയിച്ചിരുന്നു.