| Thursday, 8th December 2022, 11:37 am

കോണ്‍ഗ്രസ് മുന്നേറ്റമുള്ള ഹിമാചലില്‍ വിമതരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബി.ജെ.പി; മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധര്‍മശാല: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. 68 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി 26 സീറ്റുകളിലും കോണ്‍ഗ്രസ് 39 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.

എന്നാല്‍ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാമതായി നില്‍ക്കുന്ന ബി.ജെ.പി ഹിമാചലില്‍ ഭരണം പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകളിലേക്ക് ബി.ജെ.പി കടന്നു. നിലവില്‍ ലീഡ് ചെയ്യുന്ന മൂന്ന് ബി.ജെ.പി വിമതരെയും ഒരു കോണ്‍ഗ്രസ് വിമതനെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പി നീക്കം. മുന്നിട്ട് നില്‍ക്കുന്ന വിമത നേതാക്കളുമായി ബി.ജെ.പി ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബി.ജെ.പി വിമതരായ ഹിതേശ്വര്‍ സിങ് ബംജാര്‍ മണ്ഡലത്തിലും കെ.എല്‍. താക്കൂര്‍ നലഗഡ് മണ്ഡലത്തിലും ഹോഷിയാര്‍ സിങ് ദെഹരയിലുമാണ് ലീഡ് ചെയ്യുന്നത്.

മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ വസതിയില്‍ ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. വിനോദ് താവ്‌ഡെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെയെത്തിയിട്ടുണ്ട്.

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി നേതൃയോഗം വ്യാഴാഴ്ച വൈകീട്ട് ചേരും. അമിത് ഷായും നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കും. അമിത് ഷാ വൈകീട്ട് അഞ്ചിനും പ്രധാനമന്ത്രി ആറ് മണിക്കും ബി.ജെ.പി ആസ്ഥാനത്തെത്തുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഹിമാചലില്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ വിജയിച്ചു. സിരാജ് മണ്ഡലത്തില്‍ നിന്നും 79 ശതമാനം വേട്ടുകള്‍ നേടിയാണ് താക്കൂറിന്റെ വിജയം.

അതേസമയം, ഗുജറാത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായ ഏഴാം തവണയും അധികാരത്തിലേറാനിരിക്കുകയാണ് ബി.ജെ.പി. 1995 മുതല്‍ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്.

182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 152 മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. 19 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് നിലവില്‍ മുന്നിട്ടുനില്‍ക്കുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചില്ല.

ഏഴ് സീറ്റുകളില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഇതുവരെ 11.9 ശതമാനം വോട്ട് ഷെയറാണ് ആം ആദ്മി നേടിയത്. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന വടക്കന്‍ ഗുജറാത്തില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഗുജറാത്തില്‍ ബി.ജെ.പിയുടെ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍ എന്നിവര്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വഡ്ഗാം സീറ്റില്‍ പിന്നിലാണ്.

തൂക്കുപാലം തകര്‍ന്ന 130 പേര്‍ കൊല്ലപ്പെട്ട ദുരന്തമുണ്ടായ മോര്‍ബിയിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് നിലവില്‍ മുന്നിലുള്ളത്.

1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 19 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നത്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

Content Highlight: Election live updates BJP tries to form government in Himachal Pradesh despite congress lead in the election

We use cookies to give you the best possible experience. Learn more