താരസംഘടനയായ അമ്മയുടെ 2021-24 ഭരണസമിതിയിലേക്കുള്ള പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ രണ്ട് സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. രണ്ട് വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളേയും കണ്ടെത്താനാണ് ഇനി തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
19 നാണ് തെരഞ്ഞെടുപ്പ് നടക്കുക.
സംഘടനയുടെ ജനറല്‍ ബോഡി യോഗം നടക്കുന്ന എറണാകുളത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് 19 നു രാവിലെ 11 മുതല്‍ ഒരു മണി വരെയായിരിക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം. മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് അമ്മ സംഘടനയിലുള്ളത്.
പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ദിഖും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ആശ ശരത്ത്, മണിയന്‍പിള്ള രാജു, ശ്വേത മേനോന്‍ എന്നിവരാണ് മത്സരിക്കുന്നത്.
11 കമ്മിറ്റി അംഗങ്ങളുടെ സ്ഥാനത്തേക്ക് ബാബുരാജ്, ഹണി റോസ്, ലാല്‍, ലെന, മഞ്ജു പിള്ള, നസീര്‍ ലത്തീഫ്, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നീ 14 പേര്‍ മത്സരിക്കും. വിജയ് ബാബു നോമിനേഷന്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതികകാരണങ്ങളാല്‍ തള്ളപ്പെട്ടു.