തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം. തിരഞ്ഞെടുപ്പ് ചിലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിലാണ് അന്വേഷണം.
ബിജെപി കേന്ദ്രനേതൃത്വം 87 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് ചിലവിനായി നല്‍കിയത്. ഇതില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ചിലവാക്കിയ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്കാണ് നല്‍കാത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു എം.ടി രമേശ്.
ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്ന ടി ആര്‍ അജിത്കുമാറിനേയും അന്വേഷണ സമിതി വിളിച്ചുവരുത്തും. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ എം.ടി രമേശിന്റെ പേര് ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് മറ്റൊരു പരാതിയില്‍ കൂടി ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുന്നത്.
മെഡിക്കല്‍ കോളേജ് അഴിമതിയുമായി തന്റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചനയാണെന്നായിരുന്നു എം.ടി രമേശ് കഴിഞ്ഞ ദിവസത്തെ കോര്‍കമ്മിറ്റി യോഗത്തില്‍പറഞ്ഞത്.
മെഡിക്കല്‍ കോഴ വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇനി പാര്‍ട്ടിയിലുണ്ടാവില്ലെന്നും എം.ടി രമേശ് പറഞ്ഞിരുന്നു.
എ.കെ.നസീറിനെ കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വേറെ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പറഞ്ഞ എം.ടി രമേശ് താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് കോര്‍കമ്മിറ്റിയില്‍ പൊട്ടിക്കരഞ്ഞതും വാര്‍ത്തായായിരുന്നു.