| Wednesday, 2nd April 2014, 1:43 am

മുന്നണി കാലത്തെ തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ട് മുന്നണികള്‍ക്കുമിടയില്‍ തുടക്കത്തില്‍ നിലനിന്നിരുന്ന വ്യത്യാസങ്ങള്‍ ക്രമേണ ലോപിച്ച് ഇല്ലാതായതുമൂലം തെരഞ്ഞടുപ്പു പ്രചാരണത്തില്‍ നയപരിപാടികള്‍ ചര്‍ച്ചക്കു വരുന്നില്ല. അങ്ങനെ പ്രകടനപത്രികകള്‍ അപ്രസക്തമായിരിക്കുന്നു.


[share]

എസ്സേയ്‌സ് / ബി.ആര്‍.പി. ഭാസ്‌കര്‍

നിലവിലുള്ള മുന്നണി സംവിധാനത്തില്‍ ഭരണപ്രതിപക്ഷമുന്നണികള്‍ക്കിടയില്‍ വലിയ വ്യത്യാസമില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുന്ന നയപരിപാടികളെ അവര്‍ ഭരണത്തിലേറുമ്പോള്‍ പിന്തുടരുകയാണ് പതിവ്.

കോടതികളില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ ചില സത്യവാങ്മൂലങ്ങളിലെ നിലപാടുകള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ എടുത്തവയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇതിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം മുന്‍സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടു പോകാനാകില്ലെന്നാണ്.

രണ്ട് മുന്നണികള്‍ക്കുമിടയില്‍ തുടക്കത്തില്‍ നിലനിന്നിരുന്ന വ്യത്യാസങ്ങള്‍ ക്രമേണ ലോപിച്ച് ഇല്ലാതായതുമൂലം തെരഞ്ഞടുപ്പു പ്രചാരണത്തില്‍ നയപരിപാടികള്‍ ചര്‍ച്ചക്കു വരുന്നില്ല. അങ്ങനെ പ്രകടനപത്രികകള്‍ അപ്രസക്തമായിരിക്കുന്നു.

ഇന്ന് കേരളത്തില്‍ നടക്കുന്ന പരിമിതമായ ആശയസമരം വിശകലനം ചെയ്യുമ്പോള്‍ അത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തമ്മിലല്ല, കോണ്‍ഗ്രസ് വിരുദ്ധരും കമ്മ്യൂണിസ്റ്റ്‌വിരുദ്ധരും തമ്മിലാണ് എന്നു കാണാം.

[]ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവയാണ് ഏറ്റവും ഒടുവില്‍ ഇടതു ജനാധിപത്യ മുന്നണിയുടെ  കൃത്യമായി പറഞ്ഞാല്‍ സി.പി.ഐ.എമ്മിന്റെ  സംഭാവനകളായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. രണ്ടും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പരിപാടികളുടെ പരിഷ്‌കരിച്ച പതിപ്പുകളായിരുന്നു.

ഭരണഘടന ഭേദഗതി ചെയ്ത് കേന്ദ്രം വികേന്ദ്രീകരണത്തിനു വ്യവസ്ഥ ചെയ്തപ്പോള്‍ സി.പി.ഐ.എം. അതിനെ ജനകീയാസൂത്രണമായി വികസിപ്പിച്ചു. കേന്ദ്രത്തിന്റെ സ്വയംസഹായ ഗ്രൂപ്പ് പദ്ധതിയില്‍ ചില പുതിയ അംശങ്ങള്‍ കൂടി ചേര്‍ത്ത് കുടുംബശ്രീ പരിപാടിയാക്കി.

സംസ്ഥാനത്തു ഇപ്പോള്‍ വ്യാപകമായി നടക്കുന്ന മണല്‍ വാരല്‍, പാറ പൊട്ടിക്കല്‍ തുടങ്ങിയ പല പ്രവര്‍ത്തനങ്ങളും മാഫിയ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടത്തിക്കൊണ്ടു പോകാവുന്നവയാണ്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ഒത്താശയോടെയാണ് അവ നടക്കുന്നത്.

സര്‍ക്കാര്‍ ഇടയ്ക്കിടയ്ക്ക് പിടികൂടിയ മണല്‍ ലോറികളുടെ എണ്ണം വെളിപ്പെടുത്താറുണ്ട്. അതുമായി ബന്ധപ്പെട്ട് ആരെയൊക്കെ പൊലീസ് അറസ്റ്റു ചെയ്‌തെന്ന് അന്വേഷിക്കുമ്പോള്‍ ലോറി െ്രെഡവര്‍മാരെ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്ന് മനസിലാക്കാനാകും.

മണല്‍വാരലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ബിസിനസുകാരനും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ടാവില്ല. മണല്‍ വാരലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലുള്ളവരാണ്. ആ കക്ഷികള്‍ മുതലാളിയെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്…

നയപരിപാടികളുടെ അഭാവത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മറ്റ് വിഷയങ്ങള്‍ തേടാന്‍ കക്ഷികള്‍ നിര്‍ബന്ധിതരാകുന്നു. വിഷയങ്ങള്‍ക്കാകട്ടെ ഒരു പഞ്ഞവുമില്ല. കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാന്‍ സി.പി.ഐ.എമ്മിന് സരിത, സലിം രാജ് കേസുകള്‍ ഉണ്ടെങ്കില്‍ സി.പി.ഐ.എമ്മിനെതിരെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് ടി.പി, സൈനുദ്ദീന്‍ വധക്കേസുകളുണ്ട്.

ഈ കക്ഷികളുടെ വാലുകളായ ചെറിയ കക്ഷികള്‍ ഇവിടെ പരിഗണന അര്‍ഹിക്കുന്നില്ല. കാരണം അവരുടെ  നിലപാടുകള്‍ ചര്‍ച്ചാവിഷയമാകാറില്ല.

ഇന്ന് കേരളത്തില്‍ നടക്കുന്ന പരിമിതമായ ആശയസമരം വിശകലനം ചെയ്യുമ്പോള്‍ അത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തമ്മിലല്ല, കോണ്‍ഗ്രസ് വിരുദ്ധരും കമ്മ്യൂണിസ്റ്റ്‌വിരുദ്ധരും തമ്മിലാണ് എന്നു കാണാം.

ഏതോ കാരണവശാല്‍ കോണ്‍ഗ്രസ് വിരോധമുള്ളവര്‍ കമ്മ്യൂണിസ്റ്റ് ലേബലിലും കമ്മ്യൂണിസ്റ്റ് വിരോധമുള്ളവര്‍ കോണ്‍ഗ്രസ് ലേബലിലും പ്രവര്‍ത്തിക്കുന്നു. പ്രത്യശാസ്ത്രത്തിന്റെ ഭാണ്ഡക്കെട്ടുകളില്ലാത്തതുകൊണ്ട് ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര സുഗമമാകുന്നു.

ഏതാണ്ട് 25 ശതമാനം വോട്ടര്‍മാര്‍ കോണ്‍ഗ്രസ് മുന്നണിക്കും ഏതാണ്ട് അത്രയും പേര്‍ സി.പി.എം. മുന്നണിക്കും സ്ഥിരമായി വോട്ടു ചെയ്യുന്നവരാണ്. ടി.പി. വധവും സരിതാ വിഷയവുമൊന്നും അവരുടെ കൂറ് മാറ്റാന്‍ പര്യാപ്തമല്ല.

ഏതെങ്കിലും ഒരു മുന്നണിക്കൊപ്പം കണ്ണുമടച്ചു പോകാതെ ഓരോ തെരഞ്ഞെടുപ്പിലും സ്ഥിതിഗതികള്‍ വിലയിരുത്തി സ്വതന്ത്ര നിലപാടെടുക്കുന്നവരെ ഇത്തരം വിഷയങ്ങള്‍ സ്വാധീനിച്ചേക്കാം. ഇതില്‍ ഒന്നിനെ മറ്റേതിനേക്കള്‍  ഗൌരവമേറിയതായി കാണുന്നവര്‍ ആ അടിസ്ഥാനത്തില്‍ നിലപാട് എടുത്തേക്കാം. ചിലരുടെ വിലയിരുത്തലില്‍ ഇത്തരം വിഷയങ്ങള്‍ പരസ്പരം റദ്ദ് ചെയ്‌തെന്നും വരാം.

കേരളത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ട കാലമാണിത്. ഇക്കാര്യത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ആശയങ്ങളില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള ഇരുമുന്നണി സംവിധാനം  ഇല്ലാതാകാതെ പുരോഗമനപരമായ ഒന്നും പ്രതീക്ഷിക്കാനില്ല.

We use cookies to give you the best possible experience. Learn more