| Tuesday, 15th August 2023, 11:15 am

തെരഞ്ഞെടുപ്പ് അട്ടിമറി; ട്രംപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; ചുമത്തപ്പെടുന്ന നാലാമത്തെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2020ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ട്രംപിനെതിരെ ചുമത്തപ്പെടുന്ന നാലാമത്തെ കേസാണിത്. കൂടാതെ വോട്ടെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന രണ്ടാമത്തെ കേസും കൂടിയാണിത്.

2021 ജനുവരിയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച ഫോണ്‍ കോളിനെ സംബന്ധിച്ച് നടന്ന രണ്ട് വര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് ട്രംപിനെതിരെ ഇന്നലെ ഫുള്‍ട്ടണ്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറി കുറ്റപത്രം സമര്‍പ്പിച്ചത്. തോല്‍വി മറികടക്കാന്‍ ട്രംപ് നിയമവിരുദ്ധമായി ഇടപെട്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ട്രംപിനും മറ്റ് 18 പേര്‍ക്കുമെതിരെ ജോര്‍ജിയയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെടാനുള്ള ക്രിമിനല്‍ ശ്രമങ്ങള്‍ നടത്തിയതായി കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഫുള്‍ട്ടണ്‍ കൗണ്ടി ജില്ലാ അന്റോര്‍ണി ഫാനി വില്ലിസ് തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് പറഞ്ഞു. 94 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ വൈറ്റ് ഹൗസ് സ്റ്റാഫ് ചീഫ് മാര്‍ക്ക് മെഡോവ്‌സ്, ട്രംപിന്റെ പേഴ്സണല്‍ അറ്റോര്‍ണി റുഡി ഗിയൂലിയാനി, ട്രംപ് ഭരണകൂടത്തിന്റെ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന്‍ ജെഫ്രി ക്ലാര്‍ക്ക് തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. വ്യാജരേഖ ചമയ്ക്കലടക്കം 11 കുറ്റങ്ങളാണ് ട്രംപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

2020ലെ തെരഞ്ഞെടുപ്പ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുക, നുണകളിലൂടെയും നിയമവിരുദ്ധമായ നടപടികളിലൂടെയും സമാധാനപരമായ അധികാര കൈമാറ്റം തടയുക, തുടങ്ങിയ കുറ്റങ്ങള്‍ നേരത്തെ ട്രംപിനെതിരെ ചുമത്തിയിരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റല്‍ ആക്രമിച്ചതിനും ട്രംപിനെതിരെ കേസുണ്ടായിരുന്നു.

ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ഏക മുന്‍ പ്രസിഡന്റ് എന്ന വിശേഷണം നിലവില്‍ ട്രംപിനെതിരെയുണ്ട്. എന്നാല്‍ ട്രംപ് ഇതുവരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിക്കുകയാണ് ചെയ്യുന്നത്.

2020ലെ തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കാന്‍ വോട്ടുകള്‍ കണ്ടെത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫ്ഫെന്‍സ്പെര്‍ഗറിലോട് ട്രംപ് ഫോണ്‍ കോളിലൂടെ ആവശ്യപ്പെട്ടുവെന്നതാണ് കേസ്. 2021 ജനുവരി 2ന് റാഫെന്‍സ്പെര്‍ഗറുമായി നടന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും പ്രചരിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പില്‍ 11,780 വോട്ടുകള്‍ തനിക്ക് ലഭിച്ചാല്‍ മതിയെന്നാണ് ട്രംപ് ഫോണില്‍ സംസാരിക്കുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ചതിന് പിന്നാലെ യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികളുടെ അക്രമവും ഉണ്ടായിരുന്നു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ മുദ്രാവാക്യവുമായി എത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ക്യാപിറ്റോള്‍ അക്രമത്തിന് മുമ്പ് നരകത്തിലേത് പോലെ പോരാടണമെന്ന് ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ട്രംപിന്റെ പ്രസംഗവും ചര്‍ച്ചയായിരുന്നു.

content highlights: Election coup; Trump Indicted; Fourth case to be charged

We use cookies to give you the best possible experience. Learn more