തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നുവന്ന പരാതികളില്‍ ഉടനടി നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
പെരുമാറ്റ ചട്ടലംഘനം നടത്തിയത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ 92 ശതമാനവും കേരളം പരിഹരിച്ചിരുന്നു. ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഇത്.
പെരുമാറ്റ ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ സി വിജില്‍ ആപ്പിലൂടെയാണ് പരാതികള്‍ ലഭിച്ചത്. രാജ്യത്ത് ലഭിച്ച മൊത്തം പരാതികളില്‍ പകുതിയും വന്നത് കേരളത്തില്‍ നിന്നായിരുന്നു.
രാജ്യത്താകെ സി വിജില്‍ വഴി 1.2 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 64,020 എണ്ണവും കേരളത്തില്‍ നിന്നാണ്. ഇതില്‍ 58,617 എണ്ണം ശരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
കേരളത്തില്‍ നിന്നെത്തിയ പരാതികളില്‍ കൂടുതലും ഹോര്‍ഡിങ്, പോസ്റ്ററുകള്‍ സംബന്ധിച്ചാണ്. ബാക്കി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 60,404 പരാതികള്‍ മാത്രമാണ് ലഭിച്ചത്.
സുരേഷ് ഗോപി, ശ്രീധരന്‍പിള്ള, ഉമ്മന്‍ചാണ്ടി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സുധാകരന്‍, ശശി തരൂര്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ക്കെതിരായ പരാതികളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടിയെടുത്തിരുന്നു.