| Saturday, 5th October 2019, 9:41 pm

മന്ത്രി ജി.സുധാകരന്റെ വിവാദ പ്രസ്താവന; ഷാനി മോള്‍ ഉസ്മാന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്റെ വിവാദ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ഡി.ജി.പിയും ആലപ്പുഴ ജില്ലാകലക്ടറും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. സുധാകരനെതിരെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് പരാതി.

പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്.

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്.

അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടു വരിക. വീണ്ടും അരൂരില്‍ ഒരു ഇടതു എം.എല്‍.എ യാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞതായി മാതൃഭൂമിയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ സുധാകരന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും പ്രസ്താവനയില്‍ അതിയായ ദു:ഖമുണ്ടെന്നും ഷാനി മോള്‍ പറഞ്ഞിരുന്നു.

അതിയായ വേദനയുണ്ട്. പൊതുജീവിതത്തില്‍ ആദ്യമാണ് അത്തരമൊരു പദപ്രയോഗം ഞാന്‍ കേള്‍ക്കുന്നത്. വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്. വളരെ ചെറുപ്പകാലം മുതലേ എന്നെ അറിയുന്ന വ്യക്തിയാണ് അദ്ദേഹം.

സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം നിലപാടുകളോടുള്ള ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ നേതൃത്വം പ്രതികരിക്കട്ടെയന്നാണ് തന്റെ നിലപാട്. ഷാനിമോള്‍ പറഞ്ഞു.

അതേസമയം ഷാനിമോള്‍ ഉസ്മാനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഷാനിമോള്‍ സഹോദരിയെപ്പോലെയാണെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ഞങ്ങളുടെ അടുക്കളയില്‍ കയറി ന്യൂസ് പിടിക്കുന്ന ലേഖകന്‍ ഉണ്ടല്ലോ, അത്തരക്കാരെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അവരുടെ സംസ്‌ക്കാരം അതാണ്.

പൊതുയോഗത്തിലല്ല നമ്മുടെ അടുക്കളയില്‍ കയറി ന്യൂസ് പിടിച്ച് കൊടുക്കുകയാണ്. ഇത് നല്ല മാധ്യമസംസ്‌ക്കാരമാണോ? മുതലക്കണ്ണീല്‍ എന്ന് പറയാന്‍ പറ്റില്ല. സ്ഥാനാര്‍ത്ഥിയെ പറ്റിയാണ് പറയുന്നത്. ഇതൊക്കെയാണോ വാര്‍ത്തയാകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാനിമോള്‍ എനിക്ക് സഹോദരിയെപ്പോലെയാണ്. അവരെ ഇന്നോ ഇന്നലെയോ കാണുകയല്ല. പത്ത് നാല്‍പ്പത് വര്‍ഷമായി കാണുന്നതാണ്. അവരുടെ ഭര്‍ത്താവ് എന്റെ അടുത്ത സുഹൃത്താണ്. കോണ്‍ഗ്രസിലെ ചിലര്‍ അവരെ തോല്‍പ്പിക്കാന്‍ വേണ്ടി നടക്കുകയാണ്. അവരെപ്പറ്റി പറയാത്ത കാര്യം പറഞ്ഞെന്ന് പറയുകയാണ്. ഇതൊന്നും ശരിയായ നടപടിയല്ല. സുധാകരന്‍ പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more