| Saturday, 11th May 2019, 2:57 pm

മുതിര്‍ന്ന കമാന്‍ഡോകള്‍ ജവാന്മാരുടെ വോട്ടിങ്ങിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു: സേനാ നേതൃത്വത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ മുതിര്‍ന്ന കമാന്‍ഡോകള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ജമ്മുകശ്മീരിലെ സേനാ നേതൃത്വത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്ത്.

സൈനികരില്‍ ചിലര്‍ തങ്ങളുടെ ജൂനിയേഴ്‌സ് പോസ്റ്റല്‍ വോട്ടുകള്‍ അവര്‍ക്കു നല്‍കാതെ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രാദേശിക ഇലക്ഷന്‍ ഓഫീസറായ അവ്‌നി ലവാസ സൈനിക നേതൃത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റല്‍ ബാലറ്റ് സമ്പ്രദായത്തില്‍ ഇന്ത്യന്‍ ഓര്‍മ്മിയിലെ വിവിധ കമാന്‍ഡിങ് ഓഫീസര്‍മാരുടെ ഭാഗത്ത് ക്രമക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ലഡാ പാര്‍ലമെന്ററി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘പോസ്റ്റല്‍ വോട്ടുകള്‍ ജവാന്മാര്‍ക്ക് വിതരണം ചെയ്യുന്നതിനു പകരം കമാന്‍ഡിങ് ഓഫീസര്‍മാര്‍ ഫോണില്‍ വിളിച്ച് ജവാന്മാരോട് ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് ചോദിക്കുകയാണ് ചെയ്യുന്നതെ്‌ന് ആരോപിച്ച് ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവത്തെ ലംഘിക്കുന്നതാണിത്. കര്‍ശനമായ നിയമനടപടിയെടുക്കേണ്ട തരത്തിലുള്ള ക്രമക്കേടാണിത്.’ തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നു.

അതേസമയം ആരോപണം സൈന്യം തള്ളി. പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ആര്‍മി വക്താവ് കേണല്‍ രാജേഷ് കാലിയ പറയുന്നത്. സൈന്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. വിശദമായ അന്വേഷണത്തിലൂടെ കാര്യങ്ങള്‍ ഉറപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more