മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2024, 4:34 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.

പ്രധാനമന്ത്രിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തിയിരുന്നു. പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസും സി.പി.ഐ.എമ്മും അറിയിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ്‌ലിങ്ങള്‍ക്ക് എഴുതി നല്‍കുമെന്നാണ് മോദി രാജ്സ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം പരാജയ ഭീതിമൂലമാണ് വിദ്വേഷ പ്രചരണങ്ങളുമായി മോദി രംഗത്തെത്തിയതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

രാജ്യത്തെ സമ്പത്തിന്റെ അവകാശികള്‍ മുസ്‌ലിങ്ങള്‍ ആണെന്നാണ് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പറഞ്ഞതെന്നാണ് മോദിയുടെ പ്രസംഗം. കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് വീതിച്ച് നല്‍കുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇരിക്കുന്ന പദവി ഇത്രയും ഇടിച്ച് താഴ്ത്തിയിട്ടില്ലെന്നാണ് മോദിയുടെ വിദ്വേഷ പ്രസംഗത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. ഒരു വിഭാഗത്തെ ആക്ഷേപിക്കുകയും ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതുമാണ് പ്രസംഗമെന്ന് പ്രതിപക്ഷം ആരോപിച്ചു.

Content Highlight: Election Commission will not respond to Modi’s hate speech