ന്യൂദല്‍ഹി: വാട്‌സാപ്പ് വഴിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
വോട്ട് തേടിയുള്ള മോദിയുടെ സന്ദേശത്തിനെതിരെ തുടക്കം മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ജനങ്ങളോട് പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തരത്തില്‍ വികസിത ഭാരത് സന്ദേശം എന്ന പേരില്‍ ഇലക്ട്രോണിക്സ് മന്ത്രാലയമാണ് രാജ്യത്തെ ജനങ്ങളുടെ വാട്‌സാപ്പ് നമ്പറുകളിലേക്ക് സന്ദേശം അയച്ചിരുന്നത്.
എന്നാല്‍ ഈ സന്ദേശം അയക്കാൻ കേന്ദ്രത്തിന് എവിടെ നിന്നാണ് ഇത്രയും നമ്പറുകള്‍ ലഭിച്ചതെന്ന് പ്രതിപക്ഷ നേതാക്കളടക്കം ചോദ്യം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷവും ഇത്തരത്തില്‍ കത്തയക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതോടൊപ്പം തന്നെ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്.
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ കത്തയച്ച് തീര്‍ക്കാനായിരുന്നു ഉദ്ദേശിച്ചത് എന്നും എന്നാല്‍ ചില നെറ്റ്‌വര്‍ക്ക് സാങ്കേതിക തകരാര്‍ കാരണമാണ് ഇത് തടസപ്പെട്ടതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Content Highlight: Election Commission to IT ministry: Stop sending ‘Viksit Bharat’ messages on WhatsApp