വോട്ടിങ് യന്ത്രത്തിലെ കൃത്രമത്വം തടയാന്‍ പുതിയ യന്ത്രങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍
India
വോട്ടിങ് യന്ത്രത്തിലെ കൃത്രമത്വം തടയാന്‍ പുതിയ യന്ത്രങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd April 2017, 8:32 pm

ഭോപ്പാല്‍: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ആധുനിക യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. തട്ടിപ്പു നടത്താന്‍ കഴിയാത്ത വിധത്തിലുള്ള വോട്ടിങ് മെഷീനുകള്‍ വാങ്ങാനാണ് കമ്മിഷന്റെ ലക്ഷ്യം.

സുരക്ഷയും ആധികാരികതയും സ്വയം ഉറപ്പുവരുത്താന്‍ കഴിയുന്ന “എം ത്രീ” ടൈപ്പ് വോട്ടിങ് മെഷീനുകള്‍ വാങ്ങാനാണ് പദ്ധതി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പ് പുതിയ വോട്ടിങ് യന്ത്രങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമം. ഏകദേശം 1,940 കോടി രൂപയാണ് ഇതുനു ചിലവു പ്രതീക്ഷിക്കുന്നത്. 9,30,430 വോട്ടിങ് യന്ത്രങ്ങളാകും വാങ്ങുക. 2006ലാണ് നിലവില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഇന്ത്യ വാങ്ങിയത്.


Also Read: കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ രാജ്‌നാഥ് സിംഗിന് നിവേദനം നല്‍കി


കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ വോട്ടിങ് യന്ത്രങ്ങളൊന്നും വാങ്ങിയിട്ടില്ലെന്ന് നിയമമന്ത്രാലയം അറിയിച്ചിരുന്നു. പുതിയ യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രിസഭ 1009 കോടി രൂപയും അനുവദിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യന്ത്രത്തിലെ ഏതു ബട്ടണില്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നതു ബിജെപി സ്ഥാനാര്‍ഥിക്കാണെന്നാണ് ആരോപണം. അപാകത കണ്ടുപിടിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കലക്ടറെയും പൊലീസ് മേധാവിയെയും തെരഞ്ഞെടുപ്പു കമ്മിഷന്‍ മാറ്റുകയും ചെയ്തു.