| Saturday, 1st April 2017, 5:36 pm

ഇ.വി.എം അട്ടിമറി: വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്താല്‍ പൊലീസ് നടപടി നേരിടേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടു കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ടു ചെയ്യരുതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയതായി ആരോപണം. കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്രയാണ് ആരോപണവുമായി രംഗത്തുവന്നത്.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന്‍ സലീന സിങ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. “ഈ വാര്‍ത്ത പുറത്താവാന്‍ പാടില്ല. ഇത് പുറത്തായാല്‍ നിങ്ങളെ അറസ്റ്റു ചെയ്ത് പൊലീസ് സ്റ്റേഷനിലാക്കും.” എന്നു പറഞ്ഞ് സലീന സിങ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീന്‍ അട്ടിമറി അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്


പരിശോധന വേളയില്‍ വോട്ടിങ് മെഷീനില്‍ നാലാമതായി വരുന്ന കള്ളിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അമര്‍ത്തിയത്. ഇത് ബി.ജെ.പിയുടേതായിരുന്നില്ല. എന്നാല്‍ വി.വി.പി.എ.ടി സ്ലിപ്പ് വന്നത് ബി.ജെ.പിക്ക് വോട്ടു രേഖപ്പെടുത്തിയതായിട്ടാണ്. വോട്ടിങ് മെഷീനില്‍ ഒന്നാമതായാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പേരുണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു.

അതിനിടെ വോട്ടിങ് മെഷീനില്‍ അട്ടിമറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍. ഇന്നുവൈകുന്നേരത്തോടെ റിപ്പോര്‍ട്ടു നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ ഏപ്രില്‍ 9ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പരിശോധന നടത്തിയത്. ബീഹാര്‍ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സില്‍വെച്ച് മാധ്യമപ്രവര്‍ത്തകരുടെയും വിവിധ കക്ഷിനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

We use cookies to give you the best possible experience. Learn more