| Wednesday, 15th May 2019, 8:27 pm

ബംഗാളില്‍ ഒരുദിവസം മുന്‍പേ പ്രചാരണം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്; പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും എ.ഡി.ജിയേയും നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി ഒരുദിവസം മുന്‍പേ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ശേഷിക്കുന്ന ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണമാണു സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നാളെ രാത്രി 10 മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

19-ന് നടക്കേണ്ട വോട്ടെടുപ്പില്‍ 17-നായിരുന്നു പരസ്യപ്രചാരണം അവസാനിപ്പിക്കേണ്ടത്. എന്നാല്‍ 16-ന് രാത്രി 10 മണിവരെയാണ് ഇപ്പോള്‍ കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന സമയം. ഡം ഡം, ബരാസത്, ബഷീര്‍ഹട്ട്, ജയ്‌നഗര്‍, മഥുരാപുര്‍, ജാദവ്പുര്‍, ഡയമണ്ട് ഹാര്‍ബര്‍, സൗത്ത് കൊല്‍ക്കത്ത, നോര്‍ത്ത് കൊല്‍ക്കത്ത മണ്ഡലങ്ങളിലാണിത്.

ക്രമസമാധാനനിലയെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന് അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 324-ന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.

അതിനിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിന് സി.ഐ.ഡി എ.ഡി.ജി രാജീവ് കുമാര്‍, ആഭ്യന്തര, ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യ എന്നിവരെ തത്സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യുന്നതായി ബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അതേത്തുടര്‍ന്ന് ആഭ്യന്തരകാര്യം ചീഫ് സെക്രട്ടറി കൈകാര്യം ചെയ്യും. രാജീവ് കുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലേക്കാണു മാറ്റിയിരിക്കുന്നത്. നാളെ രാവിലെ 10 മണിക്കു മുന്‍പ് രാജീവ് അവിടെ റിപ്പോര്‍ട്ട് ചെയ്യണം.

ഇന്നലെ നടന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചതോടെ ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലുത്തിട്ടുണ്ട്.

അതേസമയം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ അക്രമത്തിന് തുടക്കം കുറിച്ചത് ബി.ജെ.പി തന്നെയാണെന്നതിന്റെ തെളിവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്റെ വീഡിയോ തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ പുറത്തുവിട്ടു. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമിത് ഷായുടെ പരിപാടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമമുണ്ടാക്കിയെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനായിരുന്നു ബി.ജെ.പി ശ്രമമെന്നും അക്രമത്തിന് തുടക്കമിട്ടത് ബി.ജെ.പിയാണെന്നും വീഡിയോ പുറത്തുവിട്ടുകൊണ്ട് തൃണമൂല്‍ ആരോപിച്ചു.

വിദ്യാസാഗര്‍ കോളേജ് പൂര്‍ണമായും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കോളേജിന് പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പലതും കത്തിച്ചു. അമിത് ഷാ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ചായിരുന്നു അവര്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നും തൃണമൂല്‍ വ്യക്തമാക്കി. എന്നാല്‍ ബംഗാളില്‍ നടന്നത് മമതയുടെ ഗുണ്ടാ ആക്രമണമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ജീവനോടെ തിരിച്ചെത്തിയത് സി.ആര്‍.പി.എഫിന്റെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more