വിദ്വേഷ പ്രസംഗത്തില്‍ മോദിക്കും അമിത് ഷായ്ക്കും എതിരെ എന്തുകൊണ്ട് നടപടിയില്ല; മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി ഇലക്ഷന്‍ കമ്മീഷ്ണര്‍
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിക്കുന്നതിനിടെ നാഷണല്‍ ഹെറാൾഡിലെ മലയാളി മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാര്‍. വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ എന്ത് കൊണ്ടാണ് പ്രധാനമനന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും എതിരെ കേസെടുക്കാത്തതെന്നാണ് മാധ്യമ പ്രവര്‍ത്തക ചോദിച്ചത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷ പ്രസംഗം നടത്തി ആരെയും വോട്ട് പിടിക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ചോദ്യം ഉന്നയിച്ച് മാധ്യമ പ്രവര്‍ത്തക രംഗത്തെത്തിയത്. എന്നാല്‍ ചോദ്യത്തിന് മറുപടി നല്‍കാതെ രാജീവ് കുമാര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉള്‍പ്പടെ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യമെന്ന് രാജീവ് കുമാര്‍ പറഞ്ഞു. “ജാതിയോ മതമോ അടിസ്ഥാനമാക്കി വോട്ട് അഭ്യര്‍ത്ഥിക്കാതിരിക്കുക. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാതിരിക്കുക”, രാജീവ് കുമാര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം ഉയര്‍ന്നത്. “മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷ പ്രസംഗങ്ങള്‍ ഉള്‍പ്പടെ നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് നിങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എതിരെ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുപാട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നും യാതൊരു നടപടിയും എടുക്കാന്‍ നിങ്ങള്‍ തയ്യാറായിട്ടില്ല. അതേസമയം, പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എതിരെ നടപടി എടുത്തിട്ടുമുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ക്കശമാക്കുകയാണെങ്കില്‍ പാര്‍ട്ടികളുടെ വ്യത്യാസമില്ലാതെ നടപടി എടുക്കകയല്ലേ വേണ്ടത്”, മാധ്യമ പ്രവര്‍ത്തക ചോദിച്ചു.
എന്നാല്‍ ഇതിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുകയാണ് ഇലക്ഷൻ കമ്മീഷ്ണര്‍ ചെയതത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷനേയും ബി.ജെ.പിയെയും വിമര്‍ശിച്ച് നിരവധി ആളുകളാണ് എക്‌സ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴി രംഗത്തെത്തിയത്.