| Thursday, 4th July 2024, 10:39 am

എഞ്ചിനിയര്‍ റാഷിദിന്റെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ പൊരുത്തക്കേടെന്ന് കമ്മീഷന്‍; അയോഗ്യനാക്കാനുള്ള നീക്കമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.പി എഞ്ചിനിയര്‍ റാഷിദിന് (ഷെയ്ഖ് അബ്ദുള്‍ റാഷിദ്) നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നിലവില്‍ ജയിലില്‍ കഴിയുന്ന റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാന്‍ എന്‍.ഐ.എ അനുമതി നല്‍കിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രണ്ട് ദിവസത്തിനകം മറുപടി നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റാഷിദ് സമര്‍പ്പിച്ച ചെലവ് തുക 2.10 ലക്ഷം രൂപയും ഷാഡോ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ തുക 13.78 ലക്ഷം രൂപയുമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പൊരുത്തക്കേട് പരിഹരിക്കുന്നതിനും ചെലവ് റിപ്പോര്‍ട്ട് യഥാസമയം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കുന്നതിനും റാഷിദോ അദ്ദേഹത്തിന്റെ പ്രതിനിധിയോ നിരീക്ഷണ സമിതിക്ക് മുമ്പാകെ രണ്ട് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

കൃത്യമായ കണക്കുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വര്‍ഷത്തേക്ക് റാഷിദിനെ അയോഗ്യനാക്കേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.

2019 ല്‍ തീവ്രവാദ ഫണ്ടിങ് കുറ്റം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് നിലവില്‍ റാഷിദ്.

ജൂലൈ 5 ന് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് മണിക്കൂര്‍ കസ്റ്റഡി പരോളായിരുന്നു നിലവില്‍ എന്‍.ഐ.എ കോടതി അനുവദിച്ചിരുന്നത്. പാര്‍ലമെന്ററി ചുമതലകള്‍ നിറവേറ്റുന്നതിനായി ജാമ്യമോ കസ്റ്റഡി പരോളോ അനുവദിക്കണമെന്ന റാഷിദിന്റെ അപേക്ഷയിലായിരുന്നു ഉത്തരവ്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുത് എന്നിവയാണ് നിബന്ധനകള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യം കോടതി അനുവദിച്ചെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങളെടുക്കാനോ ഏതെങ്കിലും രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും കോടതി അനുമതി നിഷേധിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തിയാണ് ബാരാമുള്ള സീറ്റില്‍ റാഷിദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.

ജയിലിലായിരുന്നിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റാഷിദിന്റെ ബാധ്യതകള്‍ കുറഞ്ഞെന്നും ആസ്തികള്‍ വര്‍ധിച്ചെന്നുമുള്ള വിമര്‍ശനം തെരഞ്ഞെടുപ്പ് കാലത്ത് റാഷിദിനെതിരെ ഉയര്‍ന്നിരുന്നു.

2024 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, റാഷിദിന്റെ ആസ്തി 1.55 കോടി രൂപയായിരുന്നു. 2019 ല്‍ ഇത് 80 ലക്ഷം രൂപ മാത്രമായിരുന്നു. ലാംഗേറ്റില്‍ 41,072 ചതുരശ്ര അടി കാര്‍ഷികേതര ഭൂമിയും 90 ലക്ഷം രൂപ വിലമതിക്കുന്ന ശ്രീനഗറിലെ വീടുമാണ് ആസ്തിയായി റാഷിദ് കാണിച്ചിരുന്നത്.

സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുള്ള സയന്‍സ് ബിരുദധാരിയായ റാഷിദിന് 11.31 ലക്ഷം രൂപ ഭവനവായ്പയും 3.11 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയും ഉണ്ട്.

അഞ്ച് വര്‍ഷം മുമ്പ്, 2017 ല്‍ ശ്രീനഗറിലെ ജവഹര്‍ നഗര്‍ പ്രദേശത്ത് വാങ്ങിയ ഒരു റെസിഡന്‍ഷ്യല്‍ ഹൗസാണ് തന്റെ ഏക ആസ്തിയായി റാഷിദ് കാണിച്ചത്. ഭവനവായ്പ കുടിശികയായി 60 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും റാഷിദ് വ്യക്തമാക്കിയിരുന്നു.

2008 ലും 2014ലും ലാംഗേറ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് റാഷിദ് വിജയിച്ചത്. എന്നാല്‍ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.

Content Highlight: Election Commission serves notice to MP Engineer Rashid over poll expenditure discrepancy

We use cookies to give you the best possible experience. Learn more