പോളിങ് ബൂത്തിലെത്താന്‍ പറ്റാത്തവരുടെ വോട്ട് വീട്ടില്‍ ചെന്ന് സ്വീകരിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
പോളിങ് ബൂത്തിലെത്താന്‍ പറ്റാത്തവരുടെ വോട്ട് വീട്ടില്‍ ചെന്ന് സ്വീകരിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 7:58 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പരിഷ്‌കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ എത്താന്‍
സാധിക്കാത്ത വോട്ടര്‍മാരുടെ വോട്ടുകള്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനും രാഷ്ട്രീയ പ്രതിനിധികളെ കാണുന്നതിനുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും (സി.ഇ.സി) മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘവും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തില്‍ എത്തിയിരുന്നു. ഇതിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘പോളിങ് ബൂത്തില്‍ ഏതെങ്കിലും പൗരന് എത്താന്‍ സാധിക്കാത്ത പക്ഷം അവരുടെ വോട്ടുകള്‍ വീടുകളില്‍ പോയി സ്വീകരിക്കും. വോട്ടിങ് പ്രക്രിയ പൂര്‍ണമായും വീഡിയോഗ്രാഫ് ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക പ്രയാസങ്ങളുള്ളവര്‍, സ്ത്രീകള്‍, ആദ്യ വോട്ട് രേഖപ്പെടുത്തുന്നവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ഈ പരിഗണന ലഭിക്കുക.

ഡിസംബറിലായിരിക്കും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. 182 അംഗങ്ങളെയായിരിക്കും തെരഞ്ഞെടുക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു പ്രധാന വെല്ലുവിളി. ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ പാര്‍ട്ടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ഇത്തവണ ബി.ജെ.പിക്ക് എതിര്‍കക്ഷിയായി ആം ആദ്മി പാര്‍ട്ടിയും എത്തുന്നുണ്ട്. കനത്ത തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് ആം ആദ്മി ഗുജറാത്തില്‍ നടത്തുന്നത്. പഞ്ചാബില്‍ എ.എ.പി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ പശ്ചാത്തലത്തില്‍, പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 99 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമെന്ന പ്രത്യേകത കൂടിയുള്ള ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുക എന്നത് ബി.ജെ.പിക്കും പ്രധാനമാണ്.

 

Content Highlight: election commission says votes of those who can’t be present at the polling booths will be collected from their homes in Gujarat