കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതി തെരഞ്ഞെടുപ്പ് റാലിയില്‍ പരാമര്‍ശിച്ചു; രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
national news
കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതി തെരഞ്ഞെടുപ്പ് റാലിയില്‍ പരാമര്‍ശിച്ചു; രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2024, 5:50 pm

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതി തെരഞ്ഞെടുപ്പ് റാലിയില്‍ പരാമര്‍ശിച്ചത് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

തെലങ്കാനയില്‍ നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ മെയ് ഒന്‍പതിന് മുമ്പ് തുക വിതരണം ചെയ്യുമെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രഖ്യാപനം.

ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ വിഷയിത്തില്‍ ഇടപെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തുക വിതരണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെലങ്കാന സർക്കാരിനെ അറിയിച്ചു.

തെരഞ്ഞെടുപ്പ് പദ്ധതിയുടെ സമ​ഗ്രത ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി സർക്കാർ പദ്ധതികൾ ദുരുപയോ​ഗം ചെയ്യുന്നത് തടയാനുമാണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം സർക്കാർ പദ്ധതികളെ രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോ​ഗിക്കുന്ന ഏതൊരു ശ്രമവും തടയുമെന്നും ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെയും പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിനെയും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചിരുന്നു. പൊതുവേദിയിൽ പറയുന്ന കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്.

Content Highlight: Election Commission says Revanth Reddy has violated code of conduct