| Monday, 5th February 2024, 2:54 pm

കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുത്: ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയുള്ളവയുടെ പ്രചരണത്തിന് സംഘടനകള്‍ കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രചരണത്തിനായി രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുട്ടികളെ കൈകളില്‍ പിടിച്ചുകൊണ്ട് നടക്കുക, വാഹന ജാഥ , റാലികള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കവിത, പാട്ടുകൾ, പ്രസംഗങ്ങൾ, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം എന്നിവയുടെയും പ്രചരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അതേസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നതെങ്കില്‍ അതിനെ ഉത്തരവിന്റെ ലംഘനമായി കാണുകയില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയകകളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളില്‍ സഹിഷ്ണുത നിലനില്‍ക്കുന്നില്ല എന്നതിനുള്ള തെളിവാണെന്ന് പോള്‍ പാനല്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളൂം ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ ഊന്നിപ്പറഞ്ഞു.

Content Highlight: Election Commission says not to use children for election campaigns

We use cookies to give you the best possible experience. Learn more