| Wednesday, 22nd May 2024, 3:44 pm

നാവ് നിയന്ത്രിക്കണം; ബി.ജെ.പിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന താക്കീത്. താര പ്രചാരകര്‍ നാവ് നിയന്ത്രിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ കണക്കിലെടുത്താണ് താക്കീത്.

ഇരു പാര്‍ട്ടികളും നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാര്‍ഗെക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.

താരപ്രചാരകരുടെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇത് സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതിനടക്കം കാരണമായേക്കും. അതിനാല്‍ താരപ്രചാരകരുടെ വാക്കുകള്‍ നിയന്ത്രണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

അടുത്തിടെ, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ സ്വത്ത് അവര്‍ മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി നിരവധി തെരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

Content Highlight: Election Commission’s warning to BJP and Congress

We use cookies to give you the best possible experience. Learn more