പെരുമാറ്റചട്ട ലംഘനം; പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
Kerala News
പെരുമാറ്റചട്ട ലംഘനം; പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2024, 10:13 pm

ചേലക്കര: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്.

പെരുമാറ്റ ചട്ടലംഘനം നടത്തി ചേലക്കര മണ്ഡലത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയതിലാണ് നടപടി. എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ വാര്‍ത്താ സമ്മേളനം നടത്തിയ പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നടപടിയെടുത്തിരുന്നു. പൊലീസ് വിലക്ക് ലംഘിച്ചാണ് വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്ന് കമ്മീഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞ് പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനം തുടരുകയായിരുന്നു. പിന്നാലെ വാര്‍ത്താ സമ്മേളനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.

നോട്ടീസ് നല്‍കിയതിന് പിന്നാലെ മേലുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഉടന്‍ നടപടി ഉണ്ടാവുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

കമ്മീഷന്‍ നേരിട്ട് നോട്ടീസ് നല്‍കിയിട്ടും ഉദ്യോഗസ്ഥന്‍ ചട്ടം വായിച്ചുകേള്‍പ്പിച്ചിട്ടും അന്‍വര്‍ വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദേശം.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പി.വി. അൻവർ പറഞ്ഞിരുന്നു. ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താ സമ്മേളനം ആരംഭിച്ചത്.

Content Highlight: Election Commission’s suggestion to file a case against PV Anvar