ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യ തെരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച പണത്തിന്റെ കണക്ക് എത്രയാണ് എന്ന വിവരാകാശ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
വിവരാവകാശപ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരം തേടിയത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം മറുപടി നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിക്കുകയാണുണ്ടായത്.
അമേരിക്കയിലെ ഭരണകൂടത്തിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന് നല്‍കിയിരുന്ന തുക റദ്ദാക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചതോടെയാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ പണം കൈപ്പറ്റിയെന്ന വിവരം ചര്‍ച്ചയാവുന്നത്.
ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പദ്ധതി പ്രകാരം 21 മില്യണ്‍ ഡോളറാണ് ഇന്ത്യക്ക് നല്‍കിയതെന്നും അത് വെട്ടിക്കുറയ്ക്കുകയാണെന്നുമാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യയുടെ നിലവിലെ ശക്തമായ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ധനസഹായം ആവശ്യമില്ലെന്ന് പറഞ്ഞ ട്രംപ് അവര്‍ക്ക് ധാരാളം പണമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത് പിന്നീട് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇടയില്‍ വലിയ തര്‍ക്കത്തിനാണ് വഴിതെളിച്ചത്. ഇന്ത്യയിലെ വോട്ടെടുപ്പിന് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന ആരോപണം. ഫണ്ട് കൈപ്പറ്റിയത് എന്‍.ഡി.എ സര്‍ക്കാരാണെന്ന് കോണ്‍ഗ്രസും യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഇത് നടന്നതെന്ന് ബി.ജെ.പിയും ആരോപിച്ചു.
എന്നാല്‍ സദുദ്ദേശത്തോടെ രാജ്യത്ത് യു.എസ് എയ്ഡിന് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഈ വിഷയം സജീവമായി അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Election Commission refuses to respond to Right to Information request, says whether it is receiving election funds from the US