Advertisement
national news
നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 10, 06:17 pm
Monday, 10th June 2019, 11:47 pm

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പെരുമാറ്റച്ചട്ട ലംഘനങ്ങളുടേയും തുടര്‍നടപടികളുടേയും ക്ലീന്‍ ചിറ്റ് നല്‍കിയതിന്റേയും വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട പ്രദേശങ്ങളിലെ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നതെന്നും ഇവയുടെ വിവരം ലഭ്യമല്ലെന്നും കമ്മീഷന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ ഏകീകരിച്ചല്ല കൈകകാര്യം ചെയ്യുന്നതെന്നും അതിനാല്‍ കണക്കുകള്‍ ലഭ്യമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മോദിക്കെതിരെ നടപടി കൈക്കൊള്ളുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായ ഭിന്നതയെ കുറിച്ചുള്ള വിവരങ്ങളും നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളില്‍ നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.

തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മൂന്നംഗ കമ്മീഷനിലെ അംഗമായ അശോക് ലവാസ കമ്മീഷന്‍ യോഗങ്ങളില്‍ നിന്നും രണ്ടാഴ്ചയോളം വിട്ടുനിന്നിരുന്നു.

തുടര്‍ന്ന് ആഭ്യന്തര വിയോജിപ്പുകള്‍ ഒത്തുതീര്‍ക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോവാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട് അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രണ്ട് കത്തുകള്‍ നല്‍കിയിരുന്നു.
ഇതിന്റെയെല്ലാം വിവരങ്ങള്‍ ആവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ മറുപടി നല്‍കാനാവില്ലെന്നറിയിച്ചത്.