D' Election 2019
'ബി.ജെ.പിയുടെ ബൂത്ത് പിടുത്തവും ക്രമക്കേടും'; ത്രിപുരയിലെ 168 ബൂത്തുകളില്‍ റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 08, 05:18 am
Wednesday, 8th May 2019, 10:48 am

അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ റീ പോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും.

ലോക്‌സഭാ തെരെഞ്ഞെടുപ്പിനിടെ മണ്ഡലത്തില്‍ ബി.ജെ.പി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സി.പി.ഐ.എമ്മും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

പരാതിക്ക് പിന്നാലെ മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റീ പോളിങ്ങിന് ഉത്തരവിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും വന്‍ കൃത്രിമത്വം നടന്നെന്ന പരാതിയുമായി സി.പി.ഐ.എം ആയിരുന്നു ആദ്യം രംഗത്തെത്തിയത്.

ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

പോളിങ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്‌തെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗമാണെങ്കില്‍ അവരെ മര്‍ദ്ദിക്കുകയായിരുന്നെന്നും യെച്ചൂരി പറഞ്ഞിരുന്നു.

ഇരു സംസ്ഥാനങ്ങളിലെയും 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നായിരുന്നു യെച്ചൂരി ആവശ്യപ്പെട്ടത്.

ആദ്യഘട്ടങ്ങളില്‍ നടന്നതുപോലുള്ള കൃത്രിമം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.