ചെന്നൈ: കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍.
വിശദമായ ഉത്തരവ് നിലവിലുള്ളപ്പോള്‍ രേഖപ്പെടുത്തി വെക്കാത്ത കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരജി നല്‍കിയിരിക്കുന്നത്.
കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പു റാലികള്‍ നടത്തുന്നതിനെ വിലക്കാന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റം വരെ ചുമത്താം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.
കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി പറഞ്ഞിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എം. ആര്‍ വിജയഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയില്‍ പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു സാഹചര്യത്തിലല്ലാതെ മെയ് രണ്ടാം തീയതി വോട്ടെണ്ണല്‍ നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഓരോ പൗരന്റെയും അതിജീവനവും സംരക്ഷണവുമാണ് ഇപ്പോള്‍ പ്രധാനം. മറ്റെല്ലാം പിന്നീടാണ് പരിഗണിക്കപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ഏത് ഗ്രഹത്തിലായിരുന്നു എന്നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്തുന്നതിനായി ആരോഗ്യ സെക്രട്ടറിയെ കണ്ട് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. തമിഴ്നാട് തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടുമാണ് നിര്‍ദേശം നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Election Commission on Madras High court on media reporting