ന്യൂദൽഹി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നടത്തിയത് വർഗീയ പരാമർശങ്ങളാണെന്നും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ് എടുക്കാത്തത് അപലപനീയമാണെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം.
ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ നടത്തുന്നത് വർഗീയ പ്രസംഗങ്ങളാണെന്നും അവ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം കമ്മ്യൂണിക്കെയിൽ വ്യക്തമാക്കി.
മുസ്‌ലിം സമുദായത്തെ നുഴഞ്ഞുകയറ്റക്കാർ എന്ന് പ്രധാനമന്ത്രി അധിക്ഷേപിക്കുകയായിരുന്നു. മുസ്‌ലിങ്ങൾ ആദിവാസികളുടെ ആഹാരവും അവരുടെ പെൺമക്കളെയും തട്ടിയെടുക്കുന്നവരാണെന്നും പ്രധാനമന്ത്രി അധിക്ഷേപിച്ചു. സമുദായങ്ങളിയിൽ ഭിന്നത സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണിതെന്ന് വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.
ഇത്തരം പ്രസംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ കേസ് എടുക്കാത്തത് അപലപനീയമാണെന്നും ഇത്തരം പ്രസംഗങ്ങൾ നടത്തുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിയമങ്ങൾക്ക് അതീതരായ പോലെയാണ് ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയെന്നും കമ്മ്യൂണിക്കെയിൽ വിമർശനം ഉയർന്നു.
ഒപ്പം വർഗീയ പരാമർശം നടത്തിയ അമിത് ഷാക്കെതിരെയും മോദിക്കെതിരെയും നോട്ടീസ് അയക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രി ശിവരാജ് ചൗഹാൻ എന്നിവരും വർഗീയ പരാമർശം നടത്തിയിട്ടുണ്ടെന്ന് കമ്മ്യൂണിക്കെ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച സമാപിച്ച കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് സി.പി.ഐ.എം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റലൈസേഷൻ്റെ പേരിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള പാവപ്പെട്ടവരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും സി.പി.ഐ.എം പറഞ്ഞു.
ഒപ്പം തൊഴിൽ ദിനങ്ങൾ വർഷത്തിൽ 150 ദിവസമെങ്കിലും ആക്കി വർധിപ്പിക്കാനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാനുമുള്ള പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കണമെന്ന് പാർട്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Content Highlight: Election Commission not taking case against Modi and Amit Shah’s communal speech is condemnable: CPIM