ഡി.എം.കെയെ വിജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാടകം കളിക്കുകയാണ്: കെ. അണ്ണാമലൈ
national news
ഡി.എം.കെയെ വിജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാടകം കളിക്കുകയാണ്: കെ. അണ്ണാമലൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th February 2022, 7:38 am

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ വിജയത്തിന് വേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രവൃത്തിയെ ബി.ജെ.പി ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ആളുകള്‍ക്കുള്ള വിശ്വാസമാണ് തകര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനത്തെ വലിയ തോതില്‍ ദുരുപയോഗം ചെയ്തു. ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ നീക്കവും തിടുക്കപ്പെട്ടുണ്ടായത്. ഡി.എം.കെയ്ക്ക് അനുകൂലമായാണ് ഈ തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തത്,’ അണ്ണാമലൈ ആരോപിച്ചു.

ഡി.എം.കെയ്ക്ക് അനുകൂലമായി പലയിടത്തും പോളിംഗ് നിര്‍ത്തിവെച്ചതായും നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പലര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് ചെന്നൈയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത വടക്കേ ഇന്ത്യന്‍ കുടുംബങ്ങളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അണ്ണാമലൈ ആരോപിച്ചു.

ഡി.എം.കെ പാര്‍ട്ടി പ്രര്‍ത്തകര്‍ ഭയമില്ലാതെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്നും കോയമ്പത്തൂരില്‍ പോളിങ് ബൂത്തിന് മുന്നില്‍ പണവിതരണം നടന്നതായും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഡി.എം.കെയുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവൃത്തികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേയോ മാധ്യമങ്ങളുടെയും കണ്ണില്‍പ്പെടാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിജാബ് ധരിച്ച് പോളിംഗ് സ്റ്റേഷനിലെത്തി എന്നാരോപിച്ച് മുസ്‌ലിം സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് ബി.ജെ.പിയുടെ ബൂത്ത് ഏജന്റ് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ചെറിയ തോതിലുള്ള വാക്കുതര്‍ക്കവും പോളിംഗ് തടസ്സപ്പെടുന്ന രീതിയിലേക്കുമെത്തിയിരുന്നു.

ഇതിന് പിന്നാലെ നിരവധിയാളുകള്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയുടെ ഇത്തരം നിലപാടിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ലെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.


Content Highlights: Election Commission is playing tricks to win DMK: K Annamalai