|

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനരഹിതമായ, പരാജയപ്പെട്ട സ്ഥാപനം: വിമർശനവുമായി കപിൽ സിബൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനരഹിതമെന്നും പരാജയപ്പെട്ട സ്ഥാപനമെന്നും വിമർശിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനാൽ വലിയൊരു വിഭാഗം ആളുകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്ന് അദ്ദേഹം വിമർശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസക്കുറവ് എത്രയും വേഗം കൈകാര്യം ചെയ്യുന്നുവോ അത്രയും വലുതാണ് ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പ്രവർത്തനരഹിതമായ സ്ഥാപനമാണ്. ഭരണഘടന പ്രകാരം ജനങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾക്കനുസൃതമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കോൺഗ്രസിന്റെയും ടി.എം.സിയുടെയും ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇ.വി.എമ്മുകൾക്ക് പുറമേ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരുപാട് ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നതാണ് പ്രതിപക്ഷം പറയുന്നത്. എല്ലാവരും ഒരുമിച്ച് ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അസാധാരണമായി ഉയർന്ന കൂട്ടിച്ചേർക്കലുകൾ, വോട്ടർമാരെ വെട്ടിച്ചുരുക്കൽ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള വോട്ടർ പട്ടികകളുടെ പ്രശ്നങ്ങൾ കോൺഗ്രസും ഇന്ത്യാ ബ്ലോക്ക് പാർട്ടികളും ആവർത്തിച്ച് ഉന്നയിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 4,000ത്തിലധികം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അതത് നിയമസഭാ സീറ്റുകളിലെ പോളിങ് ബൂത്ത് തല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ തലങ്ങളിലുള്ള പാർട്ടികളുമായി ആശയവിനിമയം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല തീരുമാനത്തിന് പിന്നാലെയാണ് ഈ യോഗങ്ങൾ നടത്തുന്നത്.

വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ജനന-മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന അധികാരികളെ വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ ഉൾപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ള നിയമത്തിനും സുപ്രീം കോടതിയുടെ നിർദേശങ്ങൾക്കും അനുസൃതമായി വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുമെന്ന് ഇ.സി പറഞ്ഞിട്ടുണ്ട്. കൂടാതെ തങ്ങളുടെ വിദഗ്ധരും യു.ഐ.ഡി.എ.ഐയും തമ്മിലുള്ള സാങ്കേതിക കൂടിയാലോചനകൾ ഉടൻ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഒപ്പം പതിറ്റാണ്ടുകളായി ഉയർന്നുകൊണ്ടിരിക്കുന്ന ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി നമ്പറുകൾ മറച്ചുവെച്ചുവെന്ന ആരോപണങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും പോൾ അതോറിറ്റി പറഞ്ഞിരുന്നു.

Content Highlight: Election Commission is a ‘failed institution’: Kapil Sibal

Latest Stories

Video Stories