ഖാര്‍ഗെയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
ഖാര്‍ഗെയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 3:14 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹോലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശനിയാഴ്ച ബീഹാറിലെ സമസ്തിപൂരില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന.

നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ഇതേ രീതിയില്‍ എന്‍.ഡി.എ നേതാക്കളുടെ വാഹനം പരിശോധിക്കാന്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗങ്ങളും, പോളിങ് ശതമാനം പുറത്ത് വിടുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഖാര്‍ഗെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്.

ബീഹാറിലെ സമസ്തിപൂരില്‍ തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ബിഹാര്‍ പൊലീസും ഒരുമിച്ചാണ് പരിശോധന നടത്തിയ്.

പ്രതിപക്ഷ നേതാക്കളെ കുടുക്കാനും സംശയനിഴലില്‍ നിര്‍ത്താനുമാണ് ശ്രമമെന്നും എന്‍.ഡി.എ നേതാക്കളുടെ വാഹനങ്ങളില്‍ മാത്രം പരിശോധന നടത്താത്തത് എന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ഏപ്രില്‍ 15ന് വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകും വഴി തമിഴ്‌നാട്ടിലെ നീലഗിരിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയിരുന്നു. അതിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് അഭിഷേക് ബാനര്‍ജിയുടെ ഹെലികോപ്റ്ററില്‍ ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു.

Content Highlight: Election Commission inspected Kharge’s helicopter